This site is currently under development. Updates are in progress.”
ആരാധനാലയങ്ങള്‍

🏠 പൂമുഖം » സ്ഥാപനവിവരം » പ്രധാനസ്ഥലങ്ങള്‍/സ്ഥാപനങ്ങള്‍ » ആരാധനാലയങ്ങള്‍
തൃപ്പേക്കുളം ശിവക്ഷേത്രം
തൃപ്പേക്കുളം ശിവക്ഷേത്രം 500 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. തൃക്കണാമതിലകം ശിവക്ഷേത്രം ഒട്ടേറെ ഉപക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു. അതിലൊരു ക്ഷേത്രമാണ്‌ “തൃപ്പേക്കുളം ശിവക്ഷേത്രം. കോകസന്ദേശ കാവ്യത്തില്‍ തൃപ്പേക്കുളം തിരുപ്പോര്‍ക്കളം എന്ന നാമത്തിലാണ് പരാമര്‍ശിക്കപ്പെടുന്നത്‌. അഞ്ചേക്കര്‍ വിസ്താരമുണ്ടായിരുന്ന ക്ഷ്രേതക്കുളമായ മച്ചാടിയാണ്ടാന്‍കുളവും കോകസന്ദേശത്തില്‍ വര്‍ണ്ണിക്കപ്പെടുന്നുണ്ട്. തൃപ്പേക്കുളം ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹുമുണ്ട്. വിലമംഗത്ത്‌ സ്വാമിയാരും തിരുവിതാംകൂര്‍ മഹാരാജാവും ഒരുമിച്ച്‌ മതിലകത്തെ പുഴയിലൂടെ യാത്രചെയ്യുകയായിരുന്ന ഘട്ടത്തില്‍ ചങ്ങാടത്തിന്‌ മുമ്പോട്ടു നീങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നു ചേര്‍ന്നു. മഹാരാജാവും വിലമംഗത്ത്‌ സ്വാമിയാരും നോക്കിയപ്പോള്‍ ചങ്ങാടത്തിനുമുമ്പില്‍ ഒരുനീണ്ട ജട വിലങ്ങുതടിയായി കിടക്കുന്ന കാഴ്ചയാണ്‌ കണ്ടത്‌. സ്വാമിയാരുടെ ഉൾക്കാഴ്ചയുടെ ഫലമായി ത്യപ്പേക്കുളം പരിസരം മുഴുവന്‍ ഈ ജട കാണുകയാണുണ്ടായത്‌. അവിടെയുണ്ടായിരുന്ന ശിവലിംഗത്തില്‍നിന്നാണ്‌ ജുടയുടെ തുടക്കമെന്ന്‌ സ്വാമിയാര്‍ മനസ്സിലാക്കുകയും പ്രസ്തുത സ്ഥലത്ത് ശിവക്ഷ്രേതം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക താത്പര്യത്തോടും അനുമതിയോടും കൂടി നിര്‍മ്മിച്ച ഈ ക്ഷേത്രമാണത്രേ തൃപ്പേക്കുളം ശിവക്ഷേത്രം. തൃപ്പേക്കുളം ശിവക്ഷ്യേത്രത്തിലെ ശിവലിംഗം സ്വയം ഭൂവായി ഉണ്ടായതാണെന്നാണ്‌ ഭക്തര്‍ വിശ്വസിക്കുന്നത്‌. പാര്‍വൃതീദേവി വിഗ്രഹത്തിനുപുറകില്‍ സങ്കല്പമായാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. വില്വമംഗലത്ത്‌ സ്വാമിയാര്‍, മഹാരാജാവ് സമേതം സഞ്ചരിച്ചിരുന്ന ബോട്ട് ഉറച്ചസ്ഥലം പിന്നീട്‌ “ബോട്ടിരിക്ക ക്കടവ്‌' എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. ബോട്ടിരിക്കക്കടവിലാണ്‌ തൃപ്പേക്കുളം തേവരുടെ ആറാട്ട്‌ നടന്നിരുന്നത്‌.ഇപ്പോള്‍ മലബാര്‍ ദേവസ്വത്തിന്‌ കീഴിലാണ്‌ ഈ ക്ഷേത്രം.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

kazhuvilangu
കഴുവിലങ്ങ്‌ മഹാദേവക്ഷ്രേതം
മതിലകം പഞ്ചായത്തിലെ രണ്ടാമത്തെ പ്രധാന ശിവക്ഷേത്രമാണ്‌ കഴുവിലങ്ങ്‌ മഹാദേവക്ഷ്രേതം. ചരിത്രപരമായും പാരമ്പര്യമായും ഏറെ പ്രധാനപ്പെട്ട ഒരു ശിവക്ഷേത്രം കുടിയാണിത്‌. തൃക്കണാമതിലകത്തിന്റെ ചുമതലക്കാരായ വടക്കേടത്തു നായന്മാരും തെക്കേടത്തു നായന്മാരും തമ്മി ലുള്ള കലഹത്തില്‍ ഒട്ടേറേപ്പേര്‍ കൊല ചെയ്യപ്പെട്ടു. തെക്കേടത്തുനായര്‍ പരാജയപ്പെടുകയും അദ്ദേഹത്തെ കഴുവിലേറ്റാന്‍ വിധിയുണ്ടാവുകയും ചെയ്തു. ഇവിടെ ജീര്‍ണ്ണിച്ചുകിടന്നിരുന്ന ഒരു ശിവക്ഷേത്ര സന്നിധിയില്‍ ദുഃഖഭാരത്തോടെ പ്രാര്‍ത്ഥിച്ചു. ആ സമയത്ത്‌ ഒരു അരുളപ്പുാടുണ്ടായെന്നും അതിനെ ആധാരമാക്കി തെക്കേടത്ത് നായരെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കിയെന്നുമാണ്‌ ഐതിഹ്യം. തൂക്കിലേറ്റുക എന്നതിന് കഴുവിലേറ്റുക എന്നു പറയാറുണ്ടല്ലോ. അരുളപ്പാട് ഉണ്ടായ സ്ഥലത്തിന്‌ കഴുവിലക്കിയ സ്ഥലം എന്ന പേരില്‍ അറിയപ്പെട്ടു. കാലാന്തരത്തില്‍ ഈ പ്രദേശം കഴുവിലങ്ങ് എന്നറിയപ്പെടുകയായിരുന്നു. 1883 സെപ്റ്റംബര്‍ 6 ന് ക്ഷേത്രഭൂമിയുടെ ജന്മാവകാശം അന്നത്തെ ചുമതലക്കാരനായ നാരായണപ്പണിക്കര്‍ക്ക് ചാര്‍ത്തിക്കൊടുത്ത രേഖ ക്ഷേത്രത്തിലുണ്ട്.സെന്‍റ് ജോര്‍ജ്ജ് ആലോചനസഭയിലെ ഗവര്‍ണ്ണറുടെ ഉത്തരവ് പ്രകാരം സ്റ്റേറ്റ് സെക്രട്ടറിക്ക് വേണ്ടി ഗവ.സെക്രട്ടറി എച്ച്.ജെ സ്റ്റോക്സിയാണ് ഉത്തരവ് നല്‍കിയത്. ഈ ക്ഷേത്രത്തിന്റെ കൊട്ടാരത്തില്‍ ഒരു വലിയ അറ കാണുന്നതില്‍ നിന്ന് ക്ഷേത്രത്തിലെ പ്രധാന വരുമാനം നെല്ല് ആയിരുന്നുവെന്നും ഊട്ടുപുരയിലെ അടുക്ക ളയില്‍ നിന്ന് വലിയ അടുപ്പുകളും അരി വാര്‍ക്കാന്‍ പറ്റുന്ന പാത്തികളും വലിയ സദ്യകള്‍ നടന്നിരുന്നതായും അനുമാനിക്കാം. ആനക്കുട, നെറ്റിപ്പട്ടം, കോലം എന്നിവയുടെ ചില ഭാഗങ്ങളും കഥകളിക്ക്‌ ഉപയോഗിച്ചുവന്നിരുന്ന വിളക്ക്‌, പാഠകം, കുറത്തിയാട്ടം എന്നിവയക്ക്‌ ഉപയോഗിക്കുന്ന വിളക്കും ഇവിടെ കാണാം. കോലത്തില്‍ വയ്ക്കുന്ന സ്വര്‍ണ്ണത്തിന്റെ ഗോളകളവിടെയുണ്ട്. ക്ഷ്രേതത്തിന്റെ പ്രതാപകാലത്തിനെ വിളിച്ചോതുന്നതാണ്‌ ഇവയെല്ലാം. മുതിരിയ്ക്കല്‍ കുടുംബ ക്ഷേമട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഊരാളന്മാര്‍.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

kazhuvilangu
പുതിയകാവ്‌ ഭഗവതി ക്ഷേത്രം
ഒരു കാലത്ത് ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഈ ഭഗവതിക്ഷേത്രം തൃപ്പേക്കുളം ശിവക്ഷേത്രത്തിന്റെ ഉപക്ഷേത്രമായാണ് നിലകൊള്ളുന്നത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യകഥയുണ്ട്. ഈ ക്ഷേത്രത്തിലെ ദേവി തന്നത്താന്‍ വന്നിരുന്നതത്രെ. മനകളിലെ സ്ത്രീകള്‍ക്ക് പുറത്തുനിന്നും പുരുഷന്മാരെ കാണുന്നതിനും സംസാരിക്കുന്നതിനും വിലക്കിയിരുന്ന കാലത്ത് ഒരു മനയിലെ സ്ത്രീ അതു ലംഘിച്ചു ഒരു പുരുഷന് കുടിക്കുവാന്‍ സംഭാരം കൊടുത്തു. ഇതറിഞ്ഞ മനയിലെ നമ്പൂതിരി മേലാളന്മാര്‍ സ്ത്രീയെ പുറത്താക്കി. അലഞ്ഞു തിരിഞ്ഞുനടന്ന ഈ സ്ത്രീ (കാവില്‍) ആരു കാണാതെ ഒരു കല്ലില്‍ വന്നിരുന്നു. സ്ത്രീ അവിടെ വന്നിരുന്ന വിവരം പുറത്തുള്ളവരാരും അറിഞ്ഞതുമില്ല. അവിടെയിരുന്നു ആ സ്ത്രീ മരണപ്പെട്ടു. കാലാന്തരത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ അവിടെ കണ്ടൂതുടങ്ങുകയും പ്രശ്നംവച്ചു നോക്കിയപ്പോള്‍ ആ പ്രദേശത്ത്‌ ദേവീസാന്നിധമുണ്ടെന്ന് അറിയുകയും അവിടെ ദേവീപ്രതിഷ്ഠ നടത്തുകയും ചെയ്തുവത്രെ. പൂജയും മറ്റു ക്ഷേത്രകാര്യങ്ങളൊന്നും ആദ്യകാലത്ത്‌ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട്‌ നായന്മാരാണ്‌ അമ്പലം പണിത്‌ ദേവിപ്രതിഷ്ഠ നടത്തിയത്‌. മേടമാസത്തിലെ മകം നാളിലാണ്‌ ഇവിടത്തെ ഉത്സവം ആഘോഷിക്കുന്നത്‌.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

puthiyakavu temple
കൂളിമുട്ടം ചെറുപഴനി ശ്രീസുബ്രഹ്മുണ്യ നവഗ്രഹമഹാക്ഷേത്രം
മതിലകം പഞ്ചായത്തിലെ കൂളിമുട്ടം പ്രദേശത്തെ പൊതു ആരാധനാലയമാണ് കൂളിമുട്ടം ചെറുപഴനി ശ്രീസുബ്ര ഹ്മണ്യ നവഗ്രഹമഹാക്ഷേത്രം എന്ന് ഇന്നറിയപ്പെടുന്ന സുബ്രഹ്മണ്യ ക്ഷേത്രം. 1946 ഏപ്രിൽ 23-നാണ് ഈ ക്ഷേത്രത്തിൻ്റെ പിറവി. 1947-ൽ ശൂലപ്രതിഷ്ഠ നടത്തിയാണ് ഇതിന് ആരംഭം കുറിച്ചത്. തീരദേശത്തെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് കൂടിയിരിക്കുവാനും ആരാധന നടത്തു വാനും ഒരിടം എന്ന ആലോചനയിൽനിന്നാണ് ക്ഷേത്രപിറവിക്ക്‌ നിദാനമായത്‌. മണ്ടത്ര കുഞ്ഞയുപ്പന്‍, നെടും മ്പില്‍ കുഞ്ഞിരാമന്‍, തുമ്പരപ്പുള്ളി വേലായുധന്‍ എന്നിവരാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌. കോരു ആശാനാണ് പ്രതിഷ്ഠ നടത്തിയത്‌. പാപ്പുശാന്തിയാണ്‌ ക്ഷ്രേതത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ചെങ്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രം ഓല മേഞ്ഞതായിരുന്നു. 2001 മാര്‍ച്ച 5-ന്‌ നിലവില്‍ വന്ന ഭരണ സാരഥ്യത്തിലാണ്‌ ഇപ്പോള്‍ ഈ ക്ഷ്രേതം. ശബരിമല തന്ത്രി ക്ഷ്രേത പുനഃപ്രതിഷ്ഠയും മഹാക്ഷ്രേതമായതിനുശേഷം പഴനിമല തന്ത്രിയുമാണ് പുനഃപ്രതിഷ്ഠ നിര്‍വൃഹിച്ചത്‌. ചുറ്റമ്പലത്തോടുകൂടി ഗണപതി, ശ്രീഅയ്യപ്പ സ്വാമി, ശ്രീപാര്‍വതിദേവി പ്രതിഷ്ഠകളും നവ്രഗഹപ്രതിഷ്ഠയും ഈ ക്ഷ്രേതത്തിലുണ്ട്‌. മകരത്തിലെ പൂയം നാളിലാണ്‌ ഈ ക്ഷേത്രത്തിലെ തൈപ്പൂൂയ ആറാട്ട്‌ സമുചിതമായി ആഘോഷിച്ചുവരുന്നത്‌.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

cherupazhani
ഇതര പൊതുക്ഷേത്രങ്ങൾ
പൊക്ലായ് തെക്കൻ ചൊവ്വ ഭഗവതിക്ഷേത്രം, പൊക്ലായ് ബീച്ച് ശിവസ്ഥാനം ക്ഷേത്രം, കൂളിമുട്ടം ഭജനമഠം സുബ്ര ഹ്മണ്യ ക്ഷേത്രം, എമ്മാട് മാണിയംകാവ് ഭദ്രകാളിക്ഷേത്രം, എമ്മാട് സുബ്രഹ്മണ്യക്ഷേത്രം, ഊമന്തറയിലെ കൂളിമുട്ടം ധർമ്മശാസ്ത‌ക്ഷേത്രം, നെടുംപറമ്പിലെ നാഗയക്ഷിക്കാവ് തുടങ്ങിയവ മതിലകം പഞ്ചായത്തിലെ പൊതുക്ഷേത്രങ്ങളാണ്

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

bhajana
സെന്റ് ജോസഫ്സ് ലാറ്റിന്‍ ചര്‍ച്ച്
1709-ൽ വരാപ്പുഴ വികാരിയത്ത് സ്ഥാപിക്കുമ്പോൾ മതിലകം പള്ളിയുടെ കീഴിൽ നൂറ് വിശ്വാസികളാണ് ഉണ്ടായിരുന്നത്. ആദ്യം യഹൂദദേവാലയവും പിന്നീട് മർത്തോമ ക്രിസ്ത്യാനികളുടേതുമായിരുന്നു മതിലകം സെൻ്റ് ജോസഫ് പള്ളി ‌യെന്നാണ് പാരമ്പര്യ വിശ്വാസം. 1791-ൽ അഗ്നിബാധയിൽ പള്ളിയുടെ ഒരു ഭാഗം കത്തിനശിച്ചു. പിന്നീട് വളരെക്കാലം ഇടവകക്കാർ ആശ്രയിച്ചിരുന്നത് കൽപ്പറമ്പ് പള്ളിയെ ആയി രുന്നു. ഏറെക്കാലം കഴിഞ്ഞാണ് മഞ്ഞുമ്മൽ കൊവെന്തക്കാർ പള്ളി ഏറ്റെടുക്കുകയും കേടുപാടുകൾ തീർത്ത് പള്ളി പുതുക്കിപ്പണിയുകയും ചെയ്‌തത്‌. പഴയ വലിയ പള്ളിയുടെ സ്ഥാനത്ത് ചെറിയ പള്ളിയാണ് നിർമ്മിച്ചത്. 1870-ൽ ഇതും പുനർനിർമ്മിച്ചു. 1972-ൽ പള്ളി ലത്തീൻ റീത്തിലേക്കു മാറുന്നത് പ്രോസ്പർ എന്ന പാതിരിയുടെ ശ്രമഫലമായാണ് പള്ളി വരാപ്പുഴ ലത്തീൻ രൂപതയുടെ കീഴിലാകുന്നത്. ഇത് അംഗീകരിക്കാതിരുന്ന ഇടവകയിലെ ചില കുടുംബങ്ങൾക്ക് ഒരു കിലോമീറ്റർ വടക്കുമാറി പുതിയ സിറിയൻ പള്ളി ഇതേപേരിൽ പണികഴിപ്പിച്ചു. ഓലപ്രത്ത് മാണിയാമ്മാക്കൽ അച്ചിക്കുവിന്റെ എൺപത്തിയേഴ് സെന്റ്റ് സ്ഥലത്താണ് പുതിയ ഷെഡ് കെട്ടി ആരാധന ആരംഭിച്ചത്. ചേന്നൂർ, പടമാടൻ, കുംബളത്ത്, വിതയത്തിൽ, തലപ്പുള്ളിക്കൽ, മൂഞ്ഞലി, പള്ളിപ്പാടൻ, കല്ലറയ്ക്കൽ, അഥിയുന്തൻ, ചേലമത്തുരുത്തി, മഞ്ഞളി, കണ്ണേങ്കാട്ട്, കു ണ്ടുകുളം എന്നീ കുടുംബങ്ങളായിരുന്നു അവർ. രണ്ടു പള്ളിയുടെ കീഴിലും ഈ വീട്ടുപേരുള്ളവർ ഇപ്പോഴുമുണ്ട്. പഴയ പള്ളി നിലനിർത്തിക്കൊണ്ടുതന്നെ അനുബന്ധമായി 1980-ൽ പുതിയപള്ളി നിർമ്മിച്ചു. വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി സ്‌മരണയിൽ മതിലകംപള്ളി പണിത കാലം 1767-ൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വരാപ്പുുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്നു ഡോ. ജോസഫ് അട്ടിപ്പേറ്റി. ഈ പള്ളി (പുരാതനപള്ളി) ഒരിക്കലും പൊളിക്കരുതെന്ന് 1970-കളിൽ മതിലകം ഇടവക സന്ദർശനവേളയിൽ പറഞ്ഞിട്ടുണ്ട്. പള്ളിയുടെ പഴയകാല ചരിത്രമാണ് അദ്ദേഹത്തെക്കൊണ്ട് ഇത് പറയിച്ചിരുന്നത്. ഇടവകയിലെ ജനസംഖ്യ കൂടിയപ്പോഴാണ് പുതിയ പള്ളി പണിയാൻ തീരുമാനമെടുക്കുകയും പഴയപള്ളി അതേപടി നിലനിർത്താനും തീരുമാനിക്കപ്പെട്ടത്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

സെന്‍റ് ജോസഫ് സീറോ മലബാര്‍ ചർച്ച്
കനോലി കനാലിനു ചേർന്നായിരുന്നു ആദ്യത്തെ സിറിയൻ പള്ളി നിർമ്മിച്ചത്. കനാലിനു അഭിമുഖമാ യിട്ടായിരുന്നു പള്ളിയുടെ മുഖവാരം. ഓല കൊണ്ടാണ് പള്ളി പണികഴിപ്പിച്ചത്. ആദ്യ വികാരി ഫാ. ദേവസ്യ ചോതിരക്കുന്നേൽ ആയിരുന്നു. 1899-ൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പള്ളി ക്കുള്ളിലാണ് സംസ്‌കരിച്ചിരിക്കുന്നത്. 1904-ൽ വികാരി ഫാ. മത്തായി തോട്ടുങ്ങലിന്റെ നേതൃത്വത്തിൽ പള്ളി ആദ്യമായി പുതുക്കിപ്പണിതു. ഫാ. ചിറമ്മലായിരുന്നു ആദ്യ വികാരി. 1947-ൽ പള്ളി യുടെ രണ്ടാമത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. 1949-ൽ ആദ്യമായി ഒരു ബിഷപ്പ് ഇടവക സന്ദർശിച്ചു. ബിഷപ്പ് മാർ ജേക്കബ് ആലപ്പാട്ടായിരുന്നു അന്ന് ചടങ്ങിൽ എത്തിയത്. 1969-ൽ ഫാ. ജോസഫ് ചിറ്റിലപ്പള്ളിയുടെ കാലത്ത് മൂന്നാം തവണ പള്ളി പുതുക്കിപ്പണിതു. 1972-ൽ പള്ളിയുടെ ശതാബ്ദിയും 2022-ൽ 150-ാം വാർഷികവും ഈ ചർച്ച് ആഘോഷിച്ചിരുന്നു.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

zeromalabar
പുതിയകാവ് ജുമാമസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദ്‌ കഴിഞ്ഞാല്‍ മണപ്പുറത്തെ ആദ്യത്തെ മുസ്‌ലിം ദേവാലയമായാണ്‌ പുതിയകാവ് ജുമാമസ്ജിദിനെ കണക്കാക്കിവരുന്നത്‌. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രത്തോളം തന്നെ ഈ ദേവാലയത്തിന്‌ പഴക്കമുണ്ടെന്നാണ്‌ നിഗമനം. പോര്‍ച്ചുഗീസുകാര്‍ മുസ്ലീങ്ങളുമായി ഉണ്ടായ സംഘര്‍ ഷത്തില്‍ അഗ്നിക്കിരയാക്കപ്പെട്ട ഈ പള്ളി ഹിജ്റ 1152-ലാണ്‌ പുനര്‍നിര്‍മ്മിച്ചതെന്ന് പള്ളിക്കെട്ടിടത്തില്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്ന അറബിപദ്യ വരികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സമുദായനേതാക്കളായിരുന്ന ഖാസി ഇസ്മ ഈല്‍ സാഹിബ് , അബ്ദുള്ള സാഹിബ്‌ എന്നിവരുടെ നേതൃത്വത്തില്‍ പുതിയകാവ്‌ , ആറ്റുപുറം സ്ഥലവാസികളാണ്‌ പള്ളി നിര്‍മ്മിച്ചതെന്നും കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മരങ്ങള്‍ കോഴിക്കോട്ടുള്ള പ്രമുഖ മരക്കച്ചവടക്കാരനായിരുന്ന ഇസ്മഈല്‍ ഹാജിയില്‍ നിന്നാണ്‌ വാങ്ങിയതെന്നും പലകയില്‍ കൊത്തിപ്പണിത ഈ പദ്യവരികള്‍ വ്യക്തമാക്കുന്നുണ്ട്‌. എന്നാല്‍ ഇപ്പോള്‍ കാണുന്ന മുന്നിലെ കെട്ടിടത്തിന്‌ എഴുപത്തിയെട്ട്‌ വര്‍ഷത്തെ പഴക്കമേയുള്ളൂ. എം.കെ. കുഞ്ഞഹമ്മദ്‌ ഹാജി (പാടൂര്‍) മുദര്‍യ്യിസായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായാണത്രേ പള്ളി നിര്‍മ്മിക്കപ്പെട്ടത്‌. ചെല വിനത്തില്‍ ഗണ്യമായ സംഖ്യ ഹാജി ഈസാ ഇസ്മഈല്‍ സേട്ട്‌ ആണ്‌ നല്‍കിയത്‌. പാമ്പിനെഴുത്ത്‌ പക്കായി, മുളംപറമ്പില്‍ ബാവു, നമ്പി പ്പുന്നിലത്ത്‌ സെയ്തു, കാക്കശ്ശേരി സെയ്തുമുഹമ്മദുഹാജി, പുന്നിലത്ത്‌ മുഹമ്മദുകുഞ്ഞി ഹാജി, മായന്തിരയകത്ത്‌ മുഹമ്മദുഹാജി, പോനിശ്ശേരി കുഞ്ഞിമരക്കാര്‍ ഹാജി, സി.കെ. കാദര്‍ ഹാജി, ചിറയില്‍ അഹമ്മദുഹാജി, പാമ്പിനെഴുത്ത്‌ സെയ്തുബാവാ തുടങ്ങിയവര്‍, ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിസ്തുല പങ്കുവഹിച്ച തദ്ദേശീയരായ സമുദായ പ്രധാനികളായിരുന്നു. കൂരിക്കുഴി,ചെന്ത്രാപ്പിന്നി , കയ്പമംഗലം , പെരിഞ്ഞനം, കൂളിമുട്ടം, മതിലകം, പി വെമ്പല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നായിരുന്നു ആദ്യത്തെ മഹല്ല്. ഇന്നത് ഒട്ടേറെ മഹല്ലുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

puthiyakavujuma
മതിലകം ജുമാമസ്‌ജിദ്
മതിലകത്തിന്റെ ഭരണാസിരാകേന്ദ്രത്തിലെ മുസ്‌ലിം ദേവാലയമാണ് മതിലകം ജുമാമസ്‌ജിദ്. ഈ പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടത് എന്നതിന് തെളിവുകളൊന്നും ലഭ്യമല്ല. നൂറ്റിഎൺപത് വർഷത്തോളം പഴക്കമുള്ള പള്ളിയാണെന്ന് പൊതുവേ കണക്കാക്കുന്നുണ്ട്. മതിലകം മഹല്ല് പുതിയകാവ് മഹല്ലിന്റെ ഭാഗമായിരുന്നു ഒരു കാലത്ത്. കാലാന്തരത്തിൽ മതിലകം മേഖല വിഘടിച്ച് പോന്നാണ് മതിലകം മഹല്ലിന് രൂപം നൽകുന്നത്. ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമാണ് പുതിയകാവ് പള്ളിയുടെ പഴക്കം കണക്കാക്കിയിട്ടുള്ളത്. പുതിയകാവ് പള്ളി നിർമ്മിച്ച് ആയിരം വർഷം പിന്നിട്ടതിനുശേഷമാണ് മതിലകം പള്ളി നിർമ്മിക്കപ്പെട്ടിരിക്കാമെന്ന് കരുതുന്നു. പ്രസിദ്ധമായിരുന്ന മതിലകം ചന്തയിലേക്ക് വളരെ ദൂരെ ദിക്കുകളിൽനിന്നുപോലും കച്ചവടക്കാർ ഇവിടെ എത്തിയിരുന്നു. മുസ്‌ലിങ്ങളായ വ്യാപാരികൾക്ക് നിസ്കരിക്കുവാനുള്ള ഒരു പള്ളി മതിലകം കേന്ദ്രമായി നിർമ്മിക്കപ്പെട്ടത് സ്വഭാവികം. മുസ്‌ലിം വിഭാഗത്തിലുള്ള ആളുകളുടെ വർദ്ധനവും മതിലകത്തെ പള്ളി കേന്ദ്രീകരിച്ച് മഹല്ല് നിലവിലും വന്നിരി ക്കാം. ഇന്ന് കാണുന്ന രൂപത്തിലല്ലായിരുന്നു മതിലകം പള്ളി. പുതിയകാവ് പള്ളിയെപ്പോലെ പൗരാണികതയുടെ പ്രൗഢിയുള്ള പള്ളിയായിരുന്നു. കാലാന്തരത്തിൽ പള്ളിയുടെ മുഖ ഛായയിൽ മാറ്റം വരുത്തിക്കൊണ്ട് പുതുക്കി പണിതതാണ് ഇന്ന് കാണുന്ന മതിലകം ജുമാമസ്‌ജിദ്. മതിലകം മഹല്ലിൻ്റെ കീഴിൽ നിസ്‌കാരപ്പള്ളികളുണ്ട്. കൂടാതെ ജമാ-അത്ത്, മുജാഹിദ് വിഭാഗങ്ങളുടെ മസ്‌ജിദുകളും മതിലകം മഹല്ലിൽ പ്രവർത്തിക്കുന്നുണ്ട്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

mkm juma masjid
ഇതര മുസ്ലീം പള്ളികൾ
നൂറ്റിനാല്പ‌ത് വർഷം പഴക്കമുള്ള പ്രാണിയാട് ജുമാമസ്‌ജിദ് കറുകച്ചാൽ പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്. വാത്യേടത്ത് അഹമ്മദ് കുട്ടി ഹാജിയാണ് പതിനെട്ട് ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് പള്ളി സ്ഥാപിച്ചത്. ഇതിന്റെ കീഴിലുള്ളവയാണ് എമ്മാട് ജുമാമസ്‌ജിദ്, തട്ടുങ്ങൽപള്ളി, ബദർ പള്ളി എന്നിവ. വടക്കേത്തലക്കൽ പള്ളിയെന്നറിയപ്പെട്ടിരുന്ന നെടുംപറമ്പ് ജുമാമസ്‌ജിദും വടക്കേത്തലക്കൽ കുടുംബകാർ സ്ഥാപിച്ചതാണ്.കാതിക്കോട് ജുമാമസ്‌ജിദ്, പുന്നിലത്ത് പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്.വിവിധ പ്രദേശങ്ങളിലായി വിവിധ മഹല്ലുകളുടെ കീഴിൽ നിസ്‌കാരപ്പള്ളികൾ ഉണ്ട്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

praniyad