All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
വിദ്യാലയങ്ങള്‍

🏠 പൂമുഖം » സ്ഥാപനവിവരം » പ്രധാനസ്ഥലങ്ങള്‍/സ്ഥാപനങ്ങള്‍ » വിദ്യാലയങ്ങള്‍

ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങള്‍

 
ഗവ. എൽ.പി.എസ്. പാപ്പിനിവട്ടം, ശ്രീനാരായണപുരം
മതിലകം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയ മാണ് എസ്.എൻ.പുരം സെൻ്ററിൽ സ്ഥിതിചെയ്യുന്ന ഗവ. എൽ.പി.എസ്. പാപ്പിനിവട്ടം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണിത്. പട്ടാലിമാമൻ, പുതിയേടത്ത് പത്മനാഭമേനോൻ, ശങ്കരനാരായണൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന അമ്പത്തിരണ്ട് സെൻ്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1957-ലാണ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത്. ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിട മായിരുന്നു. ക്ലാസ് മുറികളുടെ നിലം മണ്ണായിരുന്നു. പലകകൾകൊണ്ട് ഉറപ്പിച്ച ഇരുപ്പിട ങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1961 വരെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നു. സർക്കാർ ഏറ്റെടുത്തതിനുശേഷം ഭൗതികസാഹചര്യങ്ങളിൽ മാറ്റമുണ്ടായി. സാധാരണക്കാരുടെ മക്കളാണ് ഇവിടെ ഏറെയും പഠിച്ചിരുന്നത്. ദാമോദരൻ മാസ്റ്റർ, ചാത്തുണ്ണി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, ആൻ്റണി മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ എന്നിവരാണ് ആദ്യകാല അധ്യാപകർ. ആദ്യകാലത്ത് ലോവർ എലമെൻ്ററി സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചരിത്രകാരനും കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി.കെ. ഗോപാലകൃഷ്‌ണൻ അടക്കമുള്ള പ്രഗത്ഭരായ ഒട്ടേറെ വ്യക്തികളും ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. ഇപ്പോൾ പഞ്ചായത്ത്, എസ്.എസ്.എ. എന്നിവയുടെ സഹായത്തോടെ ആധുനിക സൗകര്യങ്ങളോടുകൂടി ക്ലാസ്‌മുറികളും ശുചിമുറികളും ഭക്ഷണശാലയും നിർമ്മിച്ചു.
എമ്മാട് യു.പി. സ്കൂൾ, എമ്മാട്, കൂളിമുട്ടം
മതിലകം പഞ്ചായത്തിൽ എമ്മാട് സെൻ്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എമ്മാട് യു.പി.എസ്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ തായവള്ളിയിൽ ശങ്കരൻ മാസ്റ്ററായിരുന്നു. പിന്നീട് കൃഷ്ണമേനോൻ, കുമാരൻ മാസ്റ്റർ എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. നിലവിൽ ഡോ. എൻ. ഉണ്ണി കൃഷ്ണനാണ് മാനേജർ. 1925-ൽ ബ്രിട്ടീഷ് ഗവൺമെൻ്റിന്റെ ഗ്രാന്റിലാണ് സ്കൂൾ ആരംഭിക്കുന്നത്. എൽ.പി സ്‌കൂളായി തുടങ്ങിയ വിദ്യാലയം പിന്നീട് യു.പി. സ്‌കൂളായി. 1980-90 കാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന വിദ്യാലയത്തിൽ 1995-ന് ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. ഇത്തരം പരിമിതികൾക്കിടയിലും തിളക്കമാർന്ന ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു. ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പല മേഖലകളിലും ഉന്നതസ്ഥാനങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്. 
എ.എം.യു.പി.എസ്. പാപ്പിനിവട്ടം, മതിലകം
മതിലകം പഞ്ചായത്തിലെ പുതിയകാവ് സെൻ്ററിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എ.എം.യു.പി.എസ് പാപ്പിനിവട്ടം. 1921-ന് ശേഷമാണ് ഈ വിദ്യാലയത്തിൻ്റെ പിറവി. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിരമരച്ചുവട്ടിലായിരുന്നു ഈ വിദ്യാലയത്തിൻ്റെ തുടക്കം. കോനാട്ടുപ്പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്‌മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്രപരിസരത്തേയ്ക്ക് മാറ്റുകയും ചെയ്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാദ്ധ്യാപകൻ. 1947-ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്‌ലാം സഭ വിദ്യാലയം ഏറ്റെടുത്തുവെങ്കിലും മാനേജ്‌മെന്റിന്റെ ചില പ്രശ്‌നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ്‌മെന്റ് ഉസ്‌മാൻ സാഹിബിനെത്തന്നെ തിരിച്ചേൽപ്പിച്ചു. തുടർന്ന് ആറുമാസക്കാലം എൻ. എസ് മുഹമ്മദ് കുഞ്ഞിഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. 1963-ൽ മെയ് മാസത്തോടെ ഡിപ്പാർട്ട്മെന്റ് തല പരിശോധനകൾക്കും വ്യവസ്ഥകൾക്കും ശേഷം ഈ വിദ്യാലയം സർക്കാർ പ്രവർത്തനം തുടർന്നു. ഇതിനേത്തുടർന്ന് എൻ.ബി. കുഞ്ഞബ്‌ദുള്ള സാഹിബ് മാനേജരായും വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു. എം.വി. കാദർ മാസ്റ്റർ, പി. വിശാലാക്ഷി ടീച്ചർ, കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ, കെ.കെ. അബ്ദുൾ മജീദ് മാസ്റ്റർ, കെ.കെ. കലാവതി ടീച്ചർ, വി. ഭാരതി ടീച്ചർ, കെ. സാലി ലൂയിസ് മാസ്റ്റർ, ആർ. വാസന്തി ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായിരുന്നു. നിലവിൽ വി.എ. റാഫി മാസ്റ്ററാണ് ഹെഡ്മാസ്റ്റർ. മാനേജർ എം.ബി. കുഞ്ഞബ്‌ദുള്ള സാഹിബിന്റെ നിര്യാണത്തെത്തുടർന്ന് മകൻ എം.കെ. അബ്ദുൾ റഷീദ് രണ്ടു വർഷത്തോളം മാനേജരായി പ്രവർത്തിച്ചു. തുടർന്ന് എം.കെ. സെയ്‌ഫുദ്ദീൻ വിദ്യാലയത്തിൻ്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിൻ്റെ ശ്രമഫലമായി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ വിദ്യാലയ സമുച്ചയം രൂപംകൊള്ളുകയും മികച്ച പഠനനിലവാരം കൈവരിക്കുകയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാവുകയും ചെയ്തു.
എൽ.പി.എസ്. കഴുവിലങ്ങ്, കൂളിമുട്ടം
മതിലകം പഞ്ചായത്തിലെ കഴുവിലങ്ങ് ദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൽ.പി.എസ്. കഴുവിലങ്ങ്. 1924-ൽ സ്ഥാപിച്ച വിദ്യാലയം അന്നത്തെ കോഴിക്കോട് ജില്ലയിൽ പൊന്നാനി താലൂക്കിൽ സൗത്ത് മലബാർ ഡിസ്ട്രിക്ട്സ് എഡ്യൂക്കേഷൻ ഓഫീസ് ചാവക്കാടിൻ്റെ അധികാരപരിധിയിലാണ് പ്രവർത്തിച്ചിരുന്നത്. നൂറ് വർഷത്തിന്റെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് അവകാശപ്പെടാവുന്നതാണ്. കിഴക്കൂട്ട് നായർ തറവാട്ടുകാർ അനുവദിച്ച സ്ഥലത്ത് താഴിശ്ശേരി കൃഷ്ണൻ മാസ്റ്റർ ഇവിടെ അധ്യാപകനായിരുന്നു. പിൽക്കാലത്ത് പുന്നക്കത്തറയിൽ രാവുണ്ണി വേലപ്പൻ എന്നയാൾക്ക് വസ്തുവഹകൾ പാട്ടം ജന്മാവകാശത്തോടെ കൈമാറ്റം ചെയ്യുകയുണ്ടായി. പിന്നീട് പുന്നക്കത്തറയിൽ ശങ്കരൻ മകൻ കണ്ണൻ എന്ന വ്യക്തിക്ക് കൈമാറി. ഇദ്ദേഹത്തിൽ നിന്നും രാമനേഴത്ത് കൃഷ്ണമേനോൻ മാസ്റ്റർക്ക് ജന്മംതീറായി കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് കൃഷ്ണൻമേനോൻ, പുന്നക്കപ്പറമ്പിൽ വേലായുധൻ മാസ്റ്ററുടെ ജീവിതപങ്കാളി വിജയലക്ഷ്മി ടീച്ചറുടെ പേരിലേക്ക് വിദ്യാലയം കൈമാറി. സർക്കാർ അംഗീകാരത്തോടെ അന്ന് എൽ.പി. സ്കൂളിൽ അഞ്ചാംതരം വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ മൂന്ന് അഡീഷണൽ ഡിവിഷനുകൾ കൂടുതലായി പ്രവർത്തിച്ചിരുന്നു. സ്‌കൂളിന്റെ സ്ഥലപരിമിതി കാരണം തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന 'ശിവമയം' എന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഏറെക്കാലം രണ്ട് ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയും ഡിവിഷനുകൾ ഇല്ലാതെയാവുകയും അഞ്ചു ക്ലാസ്സുകളായി മാറ്റപ്പെടുകയും ചെയ്തു. ആദ്യകാലത്ത് ഓലകൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു. ഓലകൊണ്ടുതന്നെയാണ് ക്ലാസ്‌മുറികൾ മറച്ചുകെട്ടിയിരുന്നത്. താഴെ മണ്ണുനിറച്ച ക്ലാസ് മുറികളായിരുന്നു. അധ്യാപകർക്കിരിക്കാൻ കസേരയോ ആവശ്യമായ മേശയോ ഇല്ലായിരുന്നു. മരപ്പലക കൊണ്ടുള്ള ബോർഡുകളും ഇരിക്കാൻ കുറച്ചു സ്റ്റൂളുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് ഇരിക്കാൻ ബെഞ്ചുകൾക്കു പകരം കൈതയുടെ തടി കൂട്ടിക്കെട്ടി ബെഞ്ചുരൂപത്തിലാക്കിയാണ് ഉപയോഗിച്ചിരുന്നത്. ജീർണ്ണാവസ്ഥയിലായിരുന്ന സ്കൂൾ കെട്ടിടത്തിൽ നിന്നും പിന്നീട് മികച്ചൊരു വിദ്യാലയ കെട്ടിടവും പശ്ചാത്തല സൗകര്യവും ഒരുക്കുവാൻ ഈ സ്കൂളിന് സാധിച്ചു. പരേതരായ താഴിശ്ശേരി കൃഷ്ണൻ മാസ്റ്റർ, പിണ്ടിയത്ത് രാമകൃഷ്ണൻ മേനോൻ മാസ്റ്റർ, വലിയപറമ്പിൽ വി.സി. കുമാരൻ മാസ്റ്റർ, പി.എസ്. മാധവൻ ഗുരുക്കൾ മാസ്റ്റർ, രാമനേഴത്ത് ആർ. ശ്രീധരമേനോൻ മാസ്റ്റർ, പനങ്ങാട്ട് പി.കെ. ശങ്കരനാരായണൻ മാസ്റ്റർ, തായവള്ളിയിൽ ടി.കെ. ഭാർഗ്ഗവി ടീച്ചർ, പനങ്ങാട്ട് പി.കെ. കുമാരൻ മാസ്റ്റർ, കിഴക്കൂട്ട് രാജലക്ഷ്മി ടീച്ചർ, പോക്കണായിൽ പത്മാക്ഷി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ ശ്രദ്ധേയരായ അധ്യാപകരായിരുന്നു. ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. 
കെ.എം.എൽ.പി. സ്കൂൾ, കുളിമുട്ടം
മതിലകം പഞ്ചായത്തിൻ്റെ തീരപ്രദേശത്ത് (പൊക്ലായ് വടക്കുംഭാഗം) സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കുഞ്ഞയ്യപ്പൻ മെമ്മോറിയൽ എൽ.പി. സ്കൂൾ. പരേതനായ മണ്ടത്ര ഉണ്ണൂരി കുട്ടി മകൻ എം.യു. കുഞ്ഞയ്യപ്പനാണ് ഈ സ്ഥാപനത്തിനുവേണ്ടി ഒരു ഏക്കർ ഭൂമി വിട്ടുകൊടുത്തത്. 1960-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആദ്യകാലത്ത് ഓലമേഞ്ഞ ഒരു പീടികമുറിയിലാണ് ആരംഭിച്ചത്. രണ്ടു വർഷത്തിനുള്ളിൽ കല്ലുകൊണ്ട് തറകെട്ടി, ഓടുമേഞ്ഞ് ബലമുള്ള കെട്ടിടം നിർമ്മിച്ച് അതിലേക്ക് മാറുകയാണുണ്ടായത്. പെൺകുട്ടികൾക്കും അധ്യാപകർക്കും മൂത്രപ്പുര, വിശാലമായ കളിസ്ഥലം, പൂന്തോട്ടം, കഞ്ഞിപ്പുര എന്നിവയും ഒരുക്കി. സ്കൂൾ കാമ്പൗണ്ടിൽ തന്നെ പഞ്ചായത്ത് കിണറും സ്ഥാപിച്ചു. പൊതുജനങ്ങളും ഉപയോഗിക്കുന്ന വാട്ടർലൈൻ പൈപ്പും ഇവിടെയുണ്ട്. കടലോര ഗ്രാമമായതിനാൽ സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇരുന്നൂറിൽപരം വിദ്യാർത്ഥികളും അധ്യാപകരുമുണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ഒരു അധ്യാപികയും ഇരുപത്തിരണ്ട് കുട്ടികളും മാത്രമാണുള്ളത്. സ്ഥാപക മാനേജരായ എം.യു. കുഞ്ഞയ്യപ്പന്റെ കാലത്ത് ഈ സ്കൂളിന്റെ പേര് വെസ്റ്റ് എൽ.പി. സ്കൂൾ കൂളിമുട്ടം എന്നായിരുന്നു. മാനേജർ സ്വന്തം കൈയിൽ നിന്നും പണം കൊടുത്തും കഞ്ഞിയും പയറും വസ്ത്രങ്ങളും സ്ലേറ്റും പുസ്തകങ്ങളും വാങ്ങിക്കൊടുത്തുകൊണ്ടാണ് പാവപ്പെട്ട കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിപ്പിച്ചത്. 1962-ൽ എം.യു. കുഞ്ഞയ്യപ്പന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കുഞ്ഞയ്യപ്പൻ മെമ്മോറിയൽ എൽ.പി. സ്കൂൾ (കെ.എം.എൽ.പി. സ്കൂൾ) എന്ന് ഈ സ്ഥാപനത്തെ പുനർനാമകരണം ചെയ്തു. 
കളരിപ്പറമ്പ് യു.പി. സ്കൂൾ
മതിലകം പഞ്ചായത്തിലെ കളരിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഒരു ഭൂവുടമയായിരുന്നു മണ്ടത്ര കുഞ്ഞിക്കൃഷ്ണണൻ. അദ്ദേഹത്തിന്റെ ഏക മകനായ എം.കെ. രാമൻ നേടിയ വിദ്യാഭ്യാസമാണ് കളരിപ്പറമ്പ് സ്കൂളിന്റെ പിറവിക്ക് നിദാനമായത്. എടമുട്ടത്തുകാരനായ വലിയപറമ്പിൽ ഗോപാലൻ, കളരിപ്പറമ്പ് നിവാസി കൊച്ചുരാമൻ തുടങ്ങിയ ഒട്ടേറെ വ്യക്തിത്വങ്ങൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരാണ്. ഇപ്പോൾ വിദ്യാലയം നിലനിൽക്കുന്ന സ്ഥലത്തായിരുന്നില്ല സ്കൂൾ ആരംഭിച്ചത്. വടക്കേടത്ത് സുകുമാരന്റെ വടക്കേഭാഗത്ത് കിഴക്കുപടിഞ്ഞാറായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ ആരംഭം. അന്ന് ഇരുപതിൽ താഴെ കുട്ടികളാണ് ഒന്നാംക്ലാസ്സിലുണ്ടായിരുന്നത്. 1929-ആയതോടെ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർദ്ധിക്കുകയും പുതിയ അധ്യാപകർ സ്കൂളിന്റെ ഭാഗമാവുകയും ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ തുടക്കത്തിൽ മാനേജരും പ്രധാനാദ്ധ്യാപകനും എം.കെ. രാമൻ മാസ്റ്റർ തന്നെയായിരുന്നു. എം.കെ. രാമൻ, തൊട്ടിപ്പുള്ളി കൃഷ്ണൻകുട്ടി, പി. ഗോപാലൻ നായർ, കെ.ടി. ആൻ്റണി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. മുഴുവൻ അധ്യാപകർക്കുമുള്ള ശമ്പളം ഗ്രാന്റായി വർഷത്തിൽ മാനേജരുടെ പേരിലാണ് ലഭിച്ചിരുന്നത്. പിന്നീട് പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് പന്ത്രണ്ട് രൂപയായും പരിശീലനം ലഭിച്ചവർക്ക് പതിനാറ് രൂപയായും ശമ്പളം നിജപ്പെടുത്തി. 1938-ൽ എം.കെ. രാമൻ അവധിയെടുത്ത് കോഴിക്കോട് ട്രെയിനിംഗിന് പോയപ്പോൾ മണ്ടത്ര എം.ആർ. മാധവൻ മാസ്റ്റർക്കായിരുന്നു പ്രധാന അധ്യാപകന്റെ ചുമതല. 1941 മെയ് മുപ്പതിനുണ്ടായ കൊടുങ്കാറ്റിൽ ഈ പ്രദേശത്തെ ഒട്ടേറെ വീടുകളും കടകളും തകർന്നപ്പോൾ ഈ വിദ്യാലയവും നിലംപൊത്തി. പുനർനിർമ്മാണത്തിനായി പോഴങ്കാവ് കഴുവിലങ്ങ് നിവാസി ഗംഗാധരമേനോന്റെ വലിയ വീട് പൊളിച്ചപ്പോൾ ലഭിച്ച സാമഗ്രികളാണ് ഉപയോഗപ്പെടുത്തിയത്. 1952-ലാണ് ഈ വിദ്യാലയത്തിന് അപ്പർ പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചത്. ഇതോടെ 5, 6, 7 ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് എം.ആർ. ചന്ദ്രിക, എം.കെ. ശ്രീധരൻ, പി. ലീല, കെ. ഗോപാലക്കുറുപ്പ്, ഇ.എ. മൈഥിലി, കെ.കെ. സുജാത, പി. അംബികാദേവി, പി.കെ. ഷീജ തുടങ്ങിയവർ പ്രധാനാധ്യാപകരായി. നിലവിൽ പി.വി. ജാൻസിയാണ് പ്രധാനാധ്യാപിക. പതിനേഴ് ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ പതിനഞ്ച് ഡിവിഷനുകളാണുള്ളത്. കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കളരിപ്പറമ്പ് യു.പി. സ്കൂൾ. 2001 മുതൽ സ്ഥാപക മാനേജരായ മണ്ടത്ര രാമൻ മാസ്റ്ററുടെ മകനായ എം.ആർ. സുരേന്ദ്രദാസായിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം സീന സുരേന്ദ്രദാസാണ് മാനേജർ.
എൽ.പി.എസ്. ഓണച്ചമ്മാവ്, മതിലകം
മതിലകം പഞ്ചായത്തിലെ ഓണച്ചമ്മാവിൽ (മതിൽമൂല പടിഞ്ഞാറ്) സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്. 1952-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ലക്ഷ്മണ ഷേണായിയുടെ ഉടമസ്ഥതയിലായിരുന്നു. കൊട്ടാരത്ത് ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ എന്നിവരുടെ പാട്ടഭൂമിയായിരുന്നു ഇത്. 1950-ൽ പനങ്ങാട് വലിയപറമ്പിൽ ചാത്തുണ്ണി അധികാരി മകൻ ഗോപു മാസ്റ്റർ ഈ സ്ഥലം വാങ്ങുകയും പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത്. സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചതോടെ ഗോപുമാസ്റ്ററുടെ ജീവിതപങ്കാളി കാർത്ത്യായനിയായിരുന്നു സ്കൂൾ മാനേജർ. 1952-ൽ നാൽപ്പത്തിരണ്ട് കുട്ടികളോടുകൂടി രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. പ്രധാനാദ്ധ്യാപകൻ പരമേശ്വരൻ മാസ്റ്ററായിരുന്നു. പത്തു ഡിവിഷനുകളിലായി ഉയർന്ന വിദ്യാലയത്തിൽ പന്ത്രണ്ട് അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. 1965-ൽ അഞ്ചാംക്ലാസ് എൽ.പി. സ്കൂളിൽ നിന്നും വേർപ്പെടുത്തിയതോടെ നാലാം ക്ലാസ്സ് വരെയായി. പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന രക്ഷിതാക്കളുടെ മക്കളാണ് ഇവിടെ ഏറെ പഠിച്ചിരുന്നത്. പരമേശ്വരൻ മാസ്റ്റർക്കു പുറമെ ഭാസ്കരൻ മാസ്റ്റർ, ഓമന ടീച്ചർ, രമണി ടീച്ചർ, ജയശ്രീ ടീച്ചർ, പ്രീത ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു. 
എ.എം.യു.പി.എസ്., കുളിമുട്ടം
മതിലകം പഞ്ചായത്തിലെ തട്ടുങ്ങൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്. പുന്നിലത്ത് അബ്ദു കുഞ്ഞിസാഹിബ്ബിന്റെ പരിശ്രമഫലമായി 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1921-ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. എലിമെന്ററി സ്കൂളെന്നും പിന്നീട് എ.എം.യു.പി. സ്കൂളെന്നും ഔദ്യോഗിക നാമധേയമാണെങ്കിലും തട്ടുങ്ങൽ സ്കൂൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. മൂന്ന് അധ്യാപകരും എഴുപത്തിമൂന്ന് വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ പ്രധാന അധ്യാപകൻ മലബാറിൽ നിന്നുള്ള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരം വരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി. 1964-ൽ സ്കൂൾ അപ്‌ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്, ഉറുദു, ഹിന്ദി, ഡ്രോയിംഗ്, ഡ്രിൽ എന്നിവയ്ക്കുള്ള അധ്യാപകരെ നിയമിച്ചു. 1940-ലെ കൊടുങ്കാറ്റിൽ ഈ വിദ്യാലയം തകർന്നു വീണു. രാത്രിയായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. 1941-ൽ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി സ്ഥാപിച്ചു. മുഹമ്മദുണ്ണി ഹാജി സാഹിബായിരുന്നു സ്കൂളിന്റെ ദീർഘകാല മാനേജർ. നിലവിൽ അബ്ദുൾ മജീദ് സ്കൂൾ മാനേജറാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി മൂന്ന് നിലകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. പൂര്‍ണ്ണമായും ശീതികരിച്ച എയ്ഡഡ് വിദ്യാലയമാണ്. ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കിക്കൊണ്ട് വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
എൻ.എം.എൽ.പി. സ്കൂൾ, കുളിമുട്ടം
മതിലകം പഞ്ചായത്തിലെ കാതിക്കോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുസ്ലീം മതവിഭാഗത്തിലുള്ളവർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വലിയകത്ത് ബാപ്പുണ്ണി മുസ്ലിയാർ തൻ്റെ സ്ഥലത്ത് സ്ഥാപിച്ച മദ്രസ്സയാണ് പിന്നീട് നഫീസ്സ മെമ്മോറിയൽ എൽ.പി. സ്കൂളായി രൂപാന്തരം പ്രാപിച്ചത്. കളപ്പറമ്പത്ത് ഉസ്മാൻ മാനേജറുടെ ശ്രമഫലമായി ഒരു വിദ്യാലയത്തിന്റെ ചട്ടക്കൂടിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒരു പേരിന്റെ ആവശ്യകത ബോധ്യപ്പെടുകയും അങ്ങനെ ജീവിച്ചിരിക്കുന്ന തൻ്റെ മകൾ നഫീസയുടെ പേര് നൽകുകയുമായിരുന്നു. അധികം വൈകാതെ ആ മകൾ മരണപ്പെട്ടു. ചാവക്കാട് തഹസിൽദാർ വഴി 1941-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. 1944-ൽ പൂർണ്ണ എൽ.പി. വിദ്യാലയമായി. പള്ളിയിൽ കേശവൻ മാസ്റ്റർ, ഐനിക്കൽ കൃഷ്ണൻ, തായ്വള്ളിയിൽ ശങ്കരൻ, നമ്പിപുന്നിലത്ത് കുഞ്ഞിമുഹമ്മദ്, ഹലീമു ടീച്ചർ എന്നിവർ സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. നിലവിൽ എൻ.കെ. കമുൽഹക്കാണ് മാനേജർ പദവി നിർവഹിക്കുന്നത്.
സെന്റ് മേരീസ് എൽ.പി.എസ്., മതിലകം
മതിലകം പഞ്ചായത്തിലെ പള്ളിവളവിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്. 1940-ൽ കർമ്മലീത്താ സന്ന്യാസികളുടെ മദർ ജനറൽ സിസ്റ്റർ മാഗ്ദലിൻ്റെ നേതൃത്വത്തിൽ അമലോത്ഭവ മാതാവിന്റെ നാമധേയത്തിൽ ഒരു മഠം മതിലകത്ത് സ്ഥാപിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. പള്ളി സ്കൂളിൽ നിന്നുള്ള പെൺകുട്ടികൾക്കായുള്ള എൽ.പി. സ്കൂളിന്റെ നടത്തിപ്പ് റവ. ഫാ. ജോസഫ് പനയ്ക്കൽ ഏറ്റെടുത്തു. മുസ്ലീം മതവിശ്വാസികൾ കൂടുതലുള്ള മതിലകത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. സിസ്റ്റേഴ്സ് വീടുകൾതോറും കയറിയിറങ്ങി പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഫലമായി ഇരുന്നൂറോളം പെൺകുട്ടികൾ വിദ്യാലയത്തിലെത്തി. ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. 1959-ൽ ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള വിഭാഗങ്ങൾ ഉൾപ്പെടുത്തി ഓലപ്പുരയിൽ നിന്ന് ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1970 മുതൽ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം അമ്പതിലേക്കുയർന്നു. സിസ്റ്റർ ബാപ്റ്റിസ്റ്റായിരുന്നു ആദ്യ പ്രധാനാധ്യാപിക. ഇന്ന് ഏറ്റവും ആധുനിക സംവിധാനങ്ങളോടെ മികച്ചൊരു കെട്ടിടസമുച്ചയത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ ഈ എൽ.പി. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്.
എ.എം.എൽ.പി. സ്കൂൾ, പാപ്പിനിവട്ടം ഈസ്റ്റ്
മതിലകം പഞ്ചായത്തിലെ തൃപ്പേക്കുളം ദേശത്ത് സ്ഥിതി ചെയ്യുന്ന എൽ.പി. സ്കൂളാണിത്. പാമ്പിനേഴത്ത് അമ്മുവിന്റെ മുപ്പത്തിയഞ്ച് സെന്റ് സ്ഥലത്ത് 1930-ൽ മമ്മ സ്രായില്ലത്ത് കുഞ്ഞുമുഹമ്മദ് സാഹിബാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പാമ്പിനേഴത്ത് അമ്മു മകൻ സെയ്തു മുഹമ്മദാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് സ്വാതന്ത്ര്യസമരം കത്തിനിന്നിരുന്ന കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനുള്ള ജനങ്ങളുടെ ഉത്സാഹമാണ് ഇത്തരമൊരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരണയായത്. അക്കാലത്ത് വലിയൊരു ഭൂവുടമയും ധനാഢ്യനുമായ ഇസ്മയിൽസേട്ടിന്റെ സഹായമാണ് സ്കൂൾ സ്ഥാപനത്തിനും സർക്കാർ അംഗീകാരത്തിനും പ്രധാന പങ്കുവഹിച്ചത്. അദ്ദേഹത്തിനോടൊപ്പം തന്നെ പാമ്പിനേഴത്ത് ഖാദർകുഞ്ഞി, കാക്കശ്ശേരി സെയ്തുമുഹമ്മദ്, എരണേഴത്ത് വേലുക്കുട്ടി എന്നിവരുടെ സ്തുത്യർഹമായ സേവനങ്ങളും സഹായങ്ങളും ഇതിനുണ്ടായി. പ്രൊഫ. ഇ.വി. സുകുമാരനാണ് ഈ വിദ്യാലയത്തിലെ അഡ്മിഷൻ നേടിയ ആദ്യ വിദ്യാർത്ഥി (ഇ.വി.ജി.യുടെ സഹോദരൻ). സ്കൂളിന്റെ തൊട്ടടുത്ത മുഴുവഞ്ചേരി തുരുത്തിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ വന്നാണ് പഠിച്ചിരുന്നത്. ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് കല്ലിപ്പറമ്പിൽ മുഹമ്മദ് മുല്ലയാണ്. ആദ്യകാലത്ത് മണലിലായിരുന്നു വിദ്യാരംഭം. പിന്നീട് അതിന് മാറ്റം സംഭവിച്ചു. ആദ്യം ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം. പിന്നീട് ഓടുമേഞ്ഞ കെട്ടിടമായി വികസിപ്പിച്ചു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാധ്യാപകൻ പരമേശ്വരൻ നായരായിരുന്നു. തുടർന്ന് വേലപ്പൻ മാസ്റ്റർ, റോസ ടീച്ചർ, തമ്പി മാസ്റ്റർ, സെയ്തു മുഹമ്മദ് ഹുസൈൻ മാസ്റ്റർ, കൊച്ചു ഖദീജ ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, ഗ്രേസി ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ പി. അമ്പിളിക്കല ടീച്ചറാണ് പ്രധാനാധ്യാപിക. എസ്.എൻ. കോളേജിൽ നിന്നും റിട്ടയർ ചെയ്ത ഇ.വി. സുകുമാരൻ മാഷ്, റിട്ട. ഡി.വൈ.എസ്.പി. പാമ്പിനേഴത്ത് സുലൈമാൻ, ഡോ. ഫാത്തിമ സുഹറാബി, ഡോ. ജലജ, റിട്ടയർഡ് സബ് രജിസ്ട്രാർ ആമിനുമ്മ ഉമ്മുക്കുൽസു, പടമാട്ടുമ്മൽ മേരി ടീച്ചർ, ഫിലോമിന ടീച്ചർ, കല്ലിപ്പറമ്പിൽ ഖാദർ മാസ്റ്റർ, തമ്പി മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, എഴുത്തുകാരായ ഇ. ജിനൻ, ഇ.ജി. വസന്തൻ മാഷ് തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു. അടുത്തിടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ കെട്ടിടം നവീകരിക്കുകയും ആധുനിക സംവിധാനങ്ങൾ സ്കൂളിന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഒ.എൽ.എഫ്. ജി.എച്ച്.എസ്. മതിലകം
മതിലകത്തെ ഏക ഗേൾസ് ഹൈസ്‌കൂളാണ് ഒ.എൽ.എഫ്. ജി.എച്ച്.എസ്. 1940-ൽ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കോൺവെന്റ് സ്ഥാപിതമായി. സിസ്റ്റർ മാഗ്‌ലിൻ്റെ നേതൃത്വത്തിൽ എൽ.പി. സ്‌കൂളിൻ്റെ നടത്തിപ്പ് ഇടവകവികാരി റവ. ഫാ. ജോസഫ് പനയ്ക്കലിന് ഏൽപ്പിച്ചു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോ ഇന്ത്യൻ ഗുഡിനോ കുടുംബത്തിന്റെ സഹായസഹകരണത്തോടെയായിരുന്നു മഠത്തിന്റെ സ്ഥാപനം. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റി തിരുമേനിയുടെ നിർദ്ദേശപ്രകാരം മഠത്തിനും സ്‌കൂളിനും ആവശ്യമായ സ്ഥലം വികാരിയച്ചൻ നൽകുകയും ഗേൾസ് സ്കൂളിന്റെ ചുമതല സഭാസമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഗേൾസ് ഹോം ആരംഭിച്ചു. മൂന്ന് ക്ലാസുകളിലായി നാൽപ്പത്തിയഞ്ച് കുട്ടികളോടുകൂടിയാണ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ഹൈസ്‌കൂളിനാവശ്യമായ കെട്ടിടം പൂർണ്ണമായും നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമ്മിച്ചത്. ആരംഭകാലത്ത് നിർമ്മിച്ച ഷെഡ്ഡുകൾ കാലക്രമേണ പഴകിയതിനെ തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കുകയുണ്ടായി. സ്കൂൾ പി.ടി.എ. ഗോൾഡൻ ജൂബിലി മെമ്മോറിയലായി ഒരു ഓപ്പൺ സ്റ്റേജും നിർമ്മിച്ചു നൽകി. എസ്.എസ്.എൽ.സി. പരീക്ഷയിൽ വർഷങ്ങളായി നൂറ് ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.  ഈ വര്‍ഷം മുതല്‍ മിക്സഡ് സ്കൂള്‍ ആക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ, മതിലകം
മതിലകം പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണിത്. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ വേണമെന്ന ക്രിസ്റ്റ്യൻ മിഷനറിമാരുടെ തീരുമാനത്തിന്റെ ഭാഗമായി മതിലകത്തും ഈ വിദ്യാലയത്തിന് തുടക്കം കുറിക്കപ്പെട്ടു. 1904-ൽ ആർ.സി. സ്കൂൾ എന്ന പേരിൽ സെന്റ് ജോസഫ് ലാറ്റിൻ പള്ളിയുടെ കീഴിൽ ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു. അന്ന് കോഴിക്കോട്ടുനിന്നും വന്ന ബ്രാഹ്മണരായിരുന്നു ഇവിടെ അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നത്. നാൽപ്പത്തിയൊന്ന് വിദ്യാർത്ഥികളാണ് അന്ന് ഇവിടെ പഠിച്ചിരുന്നത്. 1912-ൽ ഈ വിദ്യാലയം ഒരു എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. 1945 വരെ പള്ളി മാനേജ്മെന്റാണ് അധ്യാപകർക്കുള്ള ശമ്പളം നൽകിയിരുന്നത്. ഇന്നത്തെ എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങൾക്ക് പകരം ചെറിയ ശിശു, വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1940-ൽ പള്ളിയുടെ സമീപത്തായി ഒരു കോൺവെന്റ് ആരംഭിച്ചു. 1953-ൽ ഇന്നത്തെ ഒ.എൽ.എഫ്. ജി.എച്ച്.എസ്. നിലവിൽ വന്നതോടെ പെൺകുട്ടികൾ അവിടേക്ക് മാറുകയും ഈ വിദ്യാലയം ബോയ്സ് സ്കൂളായി മാറുകയും ചെയ്തു. കെ.ടി. അച്യുതൻ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജരായിരുന്ന റവ. ഫാ. ബ്ലേയ്‌സ് ഡി അൽമേഡയുടെയും മതിലകത്തെ പ്രമുഖ പൗരനായിരുന്ന ഒ.എ. ഫ്രാൻസിസിന്റെയും ശ്രമഫലമായി 1964-ൽ ഈ വിദ്യാലയം സെന്റ് ജോസഫ് ഹൈസ്കൂളായി ഉയർന്നു. 1967-ലാണ് ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതിയത്. അന്ന് പത്തൊമ്പത് വിദ്യാർത്ഥികൾ പരീക്ഷയെഴുതി 65 ശതമാനം വിജയം കൈവരിച്ചു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ഒ.എ. ജോസ് മാസ്റ്ററായിരുന്നു. 1993 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. പുതിയ കെട്ടിട സമുച്ചയങ്ങളും സ്മാർട്ട് ക്ലാസ്സുകളും ഉൾപ്പെടെയുള്ള ആധുനിക പഠന സംവിധാനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 2010 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. കലാ, കായിക, ശാസ്ത്ര മേളകളിൽ ഈ വിദ്യാലയം വർഷംതോറും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലും സമ്പൂർണ്ണ വിജയം കരസ്ഥമാക്കുന്നു. ആദ്യ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ലാലി ജെറോം ടീച്ചറായിരുന്നു. . അതാത് കാലഘട്ടങ്ങളിലെ പള്ളി വികാരിമാരാണ് സ്കൂൾ മാനേജർ.
അൽ-അഖ്സ പബ്ലിക് സ്കൂൾ
മതിലകം പഞ്ചായത്തിലെ ഏക സി.ബി.എസ്.ഇ. വിദ്യാലയമാണ് കാതിക്കോട് സ്ഥിതിചെയ്യുന്ന അൽ-അഖ്സ പബ്ലിക് സ്കൂൾ. 2005-ലാണ് കാതിക്കോട് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. പ്രീ-കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള ഏകദേശം 900 വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. പ്രിൻസിപ്പാൾ ഉൾപ്പെടെ എഴുപത്തിനാല് അധ്യാപക-അധ്യാപകേതര ജീവനക്കാർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അഭിരുചിക്കനുസരിച്ചുള്ള പഠന-തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽ-അഖ്സ പബ്ലിക് സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന "കരിയറിങ് & മെന്ററിങ് സെൽ" ഈ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്. ഇ.എസ്. മുഹമ്മദാലിയാണ് ട്രസ്റ്റ് ചെയർമാൻ.  ആധുനിക പഠനസൗകര്യങ്ങളും മികച്ച അക്കാദമിക് നിലവാരവും വിദ്യാർത്ഥികേന്ദ്രിത പ്രവർത്തനങ്ങളുമാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.
 

ചിത്രങ്ങളിലൂടെ..

അവലംബം : ഇതിഹാസ മതിലകം – സുനിൽ പി. മതിലകം