ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
തീരദേശപരിപാലന നിയമം

🏠 പൂമുഖം » സ്ഥാപനവിവരം » ഭൂമിശാസ്ത്ര വിവരങ്ങള്‍ » തീരദേശപരിപാലനനിയമം

തീരദേശ പരിപാലനം നിയമം

തീരദേശ പ്രദേശങ്ങളിലെ പരിസ്ഥിതി, ജൈവ വൈവിധ്യം, പ്രകൃതിവിഭവങ്ങൾ എന്നിവ സംരക്ഷിക്കുകയും നിയന്ത്രിത വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിനായുള്ള നിയമങ്ങളും പ്രവർത്തനങ്ങളുമാണ് തീരദേശ പരിപാലനം. തീരദേശ മേഖലകളിൽ അനിയന്ത്രിത നിർമ്മാണം, മലിനീകരണം, പ്രകൃതിനാശം എന്നിവ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ Coastal Regulation Zone (CRZ) നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

2019-ലെ CRZ നിയമപ്രകാരം മതിലകം ഗ്രാമപഞ്ചായത്ത് CRZ–III B വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.

2019 തീരദേശ പരിപാലന പ്ലാൻ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് പ്രധാനമായും CRZ II, CRZ III മേഖലകളിലാണ്. കേരളത്തിൽ 36 മുനിസിപ്പാലിറ്റികളും 5 കോർപ്പറേഷനുകളും 66 ഗ്രാമപഞ്ചായത്തുകളും CRZ II വിലും ഇതര ഗ്രാമപഞ്ചായത്തുകളിൽ 37 ഗ്രാമപഞ്ചായത്തുകൾ CRZ III A യിലും 30 ഗ്രാമപഞ്ചായത്തുകൾ CRZ III B യിലും 2 ഗ്രാമപഞ്ചായത്തുകൾ CRZ III A, CRZ III B വിഭാഗത്തിലുമായി ഉൾപ്പെട്ടിരിക്കുന്നു. 2019 വിജ്ഞാപനത്തിലെ സി.ആർ.ഇസഡ് മേഖലകളെ സംബന്ധിച്ച വിശദ വിവരം ചുവടെ ചേർക്കുന്നു.

CRZ IA (Ecology Sensitive Areas)

  • പാരിസ്ഥിതികലോല പ്രദേശങ്ങളും ഭൂരേഖവിജ്ഞാനിയ ഘടകങ്ങളാൽ തീരദേശ മേഖലയുടെ സംയോജികതയെ നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നതുമായ പ്രദേശങ്ങൾ.

  • പുതിയ വാസഗൃഹങ്ങൾക്ക് ടി മേഖലയിൽ നിർമ്മാണ അനുമതി അനുവദിക്കുന്നതല്ല.

  • 2019 തീരദേശ പരിപാലന നിയമത്തിലെ Clause 5, 5.1, 5.1.1 (i, ii, iii) ൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് അനുമതി ലഭിക്കുന്നതാണ്.

CRZ IB (Intertidal Zone)

  • വേലിയേറ്റ വേലിയിറക്ക രേഖകൾക്ക് മദ്ധ്യേ വരുന്ന ഭാഗം (അന്തർ വേലിയേറ്റ മേഖല) പുതിയ വാസഗൃഹങ്ങൾക്ക് ടി മേഖലയിൽ നിർമ്മാണ അനുമതി ലഭിക്കുന്നതല്ല.

  • എന്നാൽ 2019 സി.ആർ.ഇസഡ് നോട്ടിഫിക്കേഷനിലെ Clause 5, 5.1.2 ൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് മാത്രം അനുമതി ലഭിക്കുന്നതാണ്.

CRZ II

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെ സി.ആർ.ഇസഡ് (മേഖലയിൽ) ഉൾപ്പെടുന്നു. ഇതര ജലാശയങ്ങളിൽ വേലിയേറ്റ രേഖ മുതൽ കരയുടെ ദിശയിലേക്ക് 50m വരെയുള്ള പ്രദേശമാണ് സി.ആർ.ഇസഡ് (മേഖല) പരിധി. കൂടാതെ വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വീതിക്കു തത്തുല്യമായതോ 50 മീറ്ററോ ഏതാണോ കുറവ് അത്രയും ദൂരം വേലിയേറ്റ രേഖയിൽ നിന്നും ഇരു കരകളിലേക്കുമുള്ള പ്രദേശത്തിന് സി.ആർ.ഇസഡ് ബാധകമായിരിക്കും. വേലിയേറ്റ ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ 50 മീറ്റർ മാറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല എന്നാൽ ടി ജലാശയം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്ററിനുള്ളിൽ ആണെങ്കിൽ സി.ആർ.ഇസഡ് അനുമതി ആവശ്യമാണ്.

  • CRZ II വിഭാഗത്തിൽപ്പെട്ട പ്രദേശത്ത് 18.01.2019 തീയതിയ്ക്ക് മുമ്പുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ കരയിലേക്കുള്ള ഭാഗത്തു മാത്രം വാസഗൃഹ നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കുന്നതാണ്.

  • അംഗീകൃത നിർമ്മിതികൾ നിയമാനുസൃതമായി നിർമ്മിച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

CRZ III

CRZ III വിഭാഗത്തെ CRZ III A, CRZ III B എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്.

CRZ III A

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെ സി.ആർ.ഇസഡ് (മേഖലയിൽ ഉൾപ്പെടുന്നു. കൂടാതെ വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളിൽ വേലിയേറ്റ രേഖ മുതൽ കരയുടെ ദിശയിലേക്ക് 50m വരെയുള്ള പ്രദേശമാണ് സി.ആർ.ഇസഡ് (മേഖല) പരിധി. വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിൻ്റെ വീതിക്കു തത്തുല്യമായതോ 50 മീറ്ററോ ഏതാണോ കുറവ് അത്രയും ദൂരം വേലിയേറ്റ രേഖയിൽ നിന്നും ഇരു കരകളിലേക്കുമുള്ള പ്രദേശത്തിന് സി.ആർ.ഇസഡ് ബാധകമായിരിക്കും. വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ മാറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല എന്നാൽ ടി ജലാശയം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്ററിനുള്ളിൽ ആണെങ്കിൽ സി.ആർ.ഇസഡ് അനുമതി ആവശ്യമാണ്.

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ വരെയുള്ള പ്രദേശം വികസന നിഷിദ്ധ മേഖലയാണ്. ഇവിടെ യാതൊരു പുതിയ നിർമ്മാണ പ്രവർത്തനങ്ങളും അനുവദനീയമല്ല. എന്നാൽ നിലവിലുള്ള അംഗീകൃത വാസഗൃഹങ്ങളുടെ നിലവിലുള്ള പ്ലിന്ത് ഏരിയയിൽ നിജപ്പെടുത്തി ഉപയോഗം മാറ്റം വരുത്താതെ പുനർ നിർമ്മാണം/അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് അനുമതി നൽകാവുന്നതാണ്.

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ദൂരപരിധിയ്ക്ക് അപ്പുറം (500m വരെ) വാസഗൃഹങ്ങൾക്ക് Ground + First floor, Height 9m എന്ന നിലയിൽ നിജപ്പെടുത്തി അനുമതി നൽകാവുന്നതാണ്.

  • വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് ഇരുകരയിലും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ ഉപയോഗം മാറ്റം വരുത്താതെ അംഗീകൃത വാസഗൃഹത്തിന്റെ അതേ പ്ലിന്ത് ഏരിയയിൽ നിജപ്പെടുത്തി പുനർനിർമ്മാണം/അറ്റകുറ്റപ്പണി എന്നിവയ്ക്ക് അനുമതി നൽകാവുന്നതാണ്. വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ മാറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല എന്നാൽ ടി ജലാശയം കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്ററിനുള്ളിൽ ആണെങ്കിൽ സി.ആർ.ഇസഡ് അനുമതി ആവശ്യമാണ്.

CRZ III B

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെ സി.ആർ.ഇസഡ് (മേഖലയിൽ ഉൾപ്പെടുന്നു. വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളിൽ വേലിയേറ്റ രേഖ മുതൽ കരയുടെ ദിശയിലേക്ക് 200m വരെയുള്ള പ്രദേശമാണ് സി.ആർ.ഇസഡ് (മേഖല) പരിധി. ജലാശയത്തിൻറെ വീതിക്കൂ തത്തുല്യമായതോ 50 മീറ്ററോ ഏതാണോ കുറവ് അത്രയും ദൂരം വേലിയേറ്റ രേഖയിൽ നിന്നും ഇരു കരകളിലേക്കുമുള്ള പ്രദേശത്തിന് സി.ആർ.ഇസഡ് ബാധകമായിരിക്കും. ജലാശയത്തിൽ നിന്നും 50 മീറ്റർ മാറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല. എന്നാൽ ടി ജലാശയം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്ററിനുള്ളിൽ ആണെങ്കിൽ സി.ആർ.ഇസഡ് അനുമതി ആവശ്യമാണ്.

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ വരെയുള്ള പ്രദേശം വികസന നിഷിദ്ധ മേഖലയാണ്.

  • CRZ III B വിഭാഗത്തിൽപ്പെട്ട പ്രദേശത്ത് കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 200m വരെ (NDZ) നിലവിലുള്ള അംഗീകൃത വാസഗൃഹത്തിൻ്റെ നിലവിലുള്ള പ്ലിന്ത് ഏരിയയിൽ നിജപ്പെടുത്തി നിർമ്മാണാനുമതി ഉപയോഗത്തിൽ മാറ്റം വരുത്താതെ (പുനർ നിർമ്മാണം, അറ്റകുറ്റപ്പണി) നൽകാവുന്നതാണ് എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന് (പരമ്പരാഗത തീരദേശ സമൂഹം എന്ന് ഭേദഗതി വരുത്തി ഉത്തരവായിട്ടുണ്ട്) ദൂരന്ത നിവാരണ നിയമങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ പാലിച്ചു കൊണ്ടും പൊതുശുചിത്വ മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തിക്കൊണ്ടും പരാമർശം (3) സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായും വികസന നിഷിദ്ധ മേഖലയിൽ (വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ ദൂരപരിധി വരെ) വാസഗൃഹങ്ങൾക്ക് അനുമതി നൽകാവുന്നതാണ്.

  • നിലവിലുള്ള ഫ്ളോർ സ്പേസ് ഇൻഡക്‌സ്, നിലവിലുള്ള പ്ലിന്ത് ഏരിയ, നിലവിലുള്ള സാന്ദ്രത എന്നിവയിൽ കവിയാത്ത നിലവിലുള്ള അംഗീകൃത ഘടനയുടെ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ പുനർനിർമ്മാണം, പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പരമ്പരാഗത തീരദേശ സമൂഹങ്ങളുടെ പാർപ്പിട യൂണിറ്റുകളുടെ നിർമ്മാണം അല്ലെങ്കിൽ പുനർനിർമ്മാണം, ആവശ്യമായ ദുരന്ത നിവാരണ വ്യവസ്ഥകളും ശരിയായ ശുചിത്വ ക്രമീകരണങ്ങളും ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടെ ഈ വിജ്ഞാപനത്തിന് കീഴിൽ അനുവദനീയമായ പ്രവർത്തനങ്ങൾ ഒഴികെ സി.ആർ.ഇസഡ് III ലെ എൻ.ഡി.ഇസഡിനുള്ളിൽ ഒരു നിർമ്മാണവും അനുവദിക്കില്ല.

  • കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ ദൂരപരിധിക്ക് അപ്പുറം (500m വരെ) വാസഗൃഹങ്ങൾക്ക് Ground + First floor, Height 9m എന്ന നിലയിൽ നിജപ്പെടുത്തി നിർമ്മാണ അനുമതി ലഭിക്കുന്നതാണ്.

  • വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ദൂരപരിധിക്കുള്ളിൽ ഉപയോഗമാറ്റം വരുത്താതെ അംഗീകൃത വാസഗൃഹത്തിന്റെ അതേ പ്ലിന്ത് ഏരിയയിൽ നിജപ്പെടുത്തി പുനർനിർമ്മാണാനുമതി നൽകാവുന്നതാണ്. ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ മാറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല.

  • നിലവിൽ ദ്വീപുകളുടെ വികസന നിഷിദ്ധ മേഖലയിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ ഉപയോഗമാറ്റം വരുത്താതെ അംഗീകൃത വാസഗൃഹത്തിന്റെ അതേ പ്ലിന്ത് ഏരിയയിൽ നിജപ്പെടുത്തി പുനർനിർമ്മാണാനുമതി നൽകാവുന്നതാണ്. ജലാശയത്തിൻ്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ മാറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ആർ.ഇസഡ് അനുമതി ആവശ്യമില്ല. കൂടാതെ Integrated Island Management Plan (IIMP) ന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെ ദ്വീപുകളുടെ ദൂരപരിധി 50 മീറ്ററായി തുടരുന്നതാണ്.

CRZ IV

  • CRZ IV വിഭാഗത്തെ CRZ IV A (വേലിയിറക്കരേഖയിൽ നിന്നും കടലിലേയ്ക്ക് 12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള ജലപ്രദേശവും അതിന്റെ അടിത്തട്ടും) എന്നും, CRZ IV B (വേലിയേറ്റ വേലിയിറക്ക പ്രഭാവമുള്ള ഉൾനാടൻ ജലാശയത്തിന്റെ ഒരുവശത്തുള്ള വേലിയിറക്കരേഖയും ജലാശയത്തിന്റെ മറുകരയിൽ വേലിയിറക്കരേഖയിലുള്ള മറുവശരേഖയും അടിത്തട്ടും) എന്നും തരം തിരിച്ചിരിക്കുന്നു.

  • വേലിയേറ്റ വേലിയിറക്ക സ്വാധീനം അനുഭവപ്പെടുന്ന സമുദ്രജലാശയമുഖം മുതൽ വേലിയേറ്റ വേലിയിറക്ക സ്വാധീനം അനുഭവപ്പെടുന്നതുവരെയുള്ള ജലപ്രദേശമാണ് CRZ IV B വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  • വർഷത്തിലേറ്റവും വരൾച്ച അനുഭവപ്പെടുന്ന സമയം ലവണാംശം (ആയിരത്തിൽ അഞ്ചുഭാഗമെങ്കിലുമുള്ള) ജലാശയത്തെയാണ് വേലിയേറ്റ പ്രഭാവമുള്ളതായി കണക്കാക്കിയിട്ടുള്ളത്.

  • 2019 സി.ആർ.ഇസഡ് നോട്ടിഫിക്കേഷനിലെ പ്രവൃത്തികൾക്ക് അനുമതി ലഭിക്കുന്നതാണ്. Clause 5.4

2019 സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

2019 സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരം സി.ആർ.ഇസഡ് മേഖലയിലെ വാസഗൃഹ നിർമ്മാണങ്ങൾക്ക് ചുവടെ പറയുന്ന നിബന്ധനകൾ പാലിച്ച് അനുമതി നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

  • CRZ II, CRZ III A, CRZ III B എന്നീ വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ 2019 CRZ വിജ്ഞാപന പ്രകാരം ലഭിക്കുന്ന 300m² വരെയുള്ള വാസഗൃഹ നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ മാത്രം മേൽ പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു അനുമതി നൽകാവുന്നതാണ്.

  • 300m² ന് മുകളിലുള്ള വാസഗൃഹങ്ങൾക്കുള്ള അപേക്ഷകളും വാസഗൃഹ നിർമ്മാണങ്ങൾ ഒഴികെയുള്ള അപേക്ഷകളും പരമ്പരാഗത തീരദേശ വാസികളുടെ വാസഗൃഹ കെട്ടിടങ്ങളുടെ ക്രമവൽക്കരണ അപേക്ഷകളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുപാർശയോടുകൂടി തീരദേശ പരിപാലന അതോറിറ്റിയ്ക്ക് സമർപ്പിക്കേണ്ടതാണ്.

  • 16.10.2024 ന് ശേഷം ജില്ലാതല കമ്മിറ്റിയിൽ ലഭിച്ച 300m² വരെയുള്ള വാസഗൃഹ നിർമ്മാണ അപേക്ഷകൾ ജില്ലാ ടൗൺ പ്ലാനർ ഓഫീസിൽ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരികെ നൽകേണ്ടതാണ്.

  • തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരിയുടെ ശുപാർശ, പ്രസ്തുത അധികാരി ഒപ്പുവച്ച Budget Estimate, 25.03.2015 GO(Ms) No.1/2015/S&TD ഉത്തരവ് പ്രകാരമുള്ള സ്ക്രൂട്ടിനി ഫീസ്, സെക്രട്ടറി/അസിസ്റ്റന്റ് എഞ്ചിനീയർ ഒപ്പുവെച്ച Building Plan/Site Plan (HTL-ൽ നിന്നുള്ള അകലം, Geo Coordinates ഉൾപ്പെടെ) എന്നിവ ഉറപ്പുവരുത്തേണ്ടതാണ്.

  • വസ്തു CRZ II ൽ ഉൾപ്പെട്ടിട്ടുള്ളതാണെങ്കിൽ 18.01.2019 ന് മുൻപ് നിർമ്മിച്ച അംഗീകൃത കെട്ടിടത്തിന്റെ/റോഡിന്റെ വിവരങ്ങൾ (Building Number, Year of Construction, അംഗീകൃത കെട്ടിടങ്ങൾ തമ്മിലുള്ള Building Line) നിർബന്ധമായും പ്ലാനിൽ ഉൾപ്പെടുത്തണം.

  • CRZ II, CRZ III A, CRZ III B ഒഴികെയുള്ള സി.ആർ.ഇസഡ് കാറ്റഗറിയിൽ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അപേക്ഷകളും 2011 CRZ വിജ്ഞാപനങ്ങൾക്ക് വിധേയമായി നിർമ്മിച്ചിട്ടുള്ള പരമ്പരാഗത തീരദേശ വാസികളുടെ വാസഗൃഹ കെട്ടിടങ്ങളുടെ ക്രമവൽക്കരണ അപേക്ഷകളും നേരിട്ട് തീരദേശ പരിപാലന അതോറിറ്റിയ്ക്ക് സമർപ്പിക്കേണ്ടതാണ്.

  • 2019 സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരമുള്ള നിർമ്മാണ പ്രവർത്തന അനുമതി നിയമ പരിശോധന ചുമതലയും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതും ലംഘനങ്ങൾക്കെതിരെയുള്ള തുടർ നടപടികളും ജില്ലാതല കമ്മിറ്റികളിൽ (DLC) നിക്ഷിപ്തമാണ്.

  • സി.ആർ.ഇസഡ് അനുമതി നൽകുന്നതിന് മുമ്പായി സി.ആർ.ഇസഡ് മേഖലയിലെ പ്രദേശങ്ങൾ 2019 തീരദേശ പരിപാലന പ്ലാൻ (Map) പരിശോധിച്ച് വസ്തുവിന്റെ സ്ഥിതി (CRZ Status of Property) ഉറപ്പു വരുത്തേണ്ടതാണ്.

  • സി.ആർ.ഇസഡ് അനുമതി നൽകുന്നത് സംബന്ധിച്ച് അവ്യക്തത ഉള്ള പക്ഷം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും മാർഗ്ഗ നിർദ്ദേശങ്ങൾ തേടേണ്ടതുമാണ്.

  • 2019 സി.ആർ.ഇസഡ് നോട്ടിഫിക്കേഷൻ, 2019 തീരദേശ പരിപാലന പ്ലാൻ (Map) എന്നിവ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralaczma.gov.in) ലഭ്യമാണ്.

  • കേരളത്തിലെ സി.ആർ.ഇസഡ് മേഖലയിൽപ്പെട്ട കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയുടെ സി.ആർ.ഇസഡ് കാറ്റഗറി സംബന്ധിച്ച വിവരങ്ങൾ അനുബന്ധമായി ചേർക്കുന്നു.

  • സി.ആർ.ഇസഡ് അനുമതി നൽകുന്നതിന് മുമ്പായി മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

പ്രധാന അറിയിപ്പ്

മേൽ സൂചിപ്പിച്ചിട്ടുള്ള നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി മാത്രമേ സി.ആർ.ഇസഡ് മേഖലകളിലെ നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് അധികാരമുള്ളൂ. നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായി സി.ആർ.ഇസഡ് അനുമതി നൽകുന്ന പക്ഷം ആയത് റദ്ദ് ചെയ്യുന്നതിനുള്ള അധികാരം കേരള തീരദേശ പരിപാലന അതോറിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.

കേരള തീരദേശ പരിപാലന നിയമങ്ങൾ
പരിസ്ഥിതി സംരക്ഷണവും നിയന്ത്രിത വികസനവും ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

  • CRZ Notification 2019 with Amendments