ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
വായനശാലകള്‍

🏠 പൂമുഖം » സ്ഥാപനവിവരം » പ്രധാനസ്ഥലങ്ങള്‍/സ്ഥാപനങ്ങള്‍ » വായനശാലകള്‍

ഗ്രാമപഞ്ചായത്തിലെ വിവിധ വായനശാലകള്‍

മതിലകം ഗ്രാമപഞ്ചായത്തിലെ കേരളഗ്രന്ഥശാല സംഘം അഫിലിയേറ്റ് ചെയ്ത പ്രധാന വായനശാലകള്‍, ഗ്രന്ഥശാലകള്‍, ലൈബ്രറികള്‍ എന്നിവയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും

ജനശക്തി ഗ്രന്ഥശാല , ഭജനമഠം , കൂളിമുട്ടം

മതിലകത്തിന്റെ തീരപ്രദേശത്തെ വായനശാലയാണ് ജനശക്തി. ഭജനമഠം പ്രദേശത്തെ പുരോഗമനാശയക്കാരായ ചെറുപ്പക്കാർക്ക് ഒത്തുകൂടുവാനുള്ള ഒരു സാംസ്‌കാരിക കേന്ദ്രം എന്ന ആലോചനയിൽനിന്നുമാണ് ജനശക്തി ആർട്സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ പിറവി. മതിലകം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന എം.എ. വിജയൻ, കെ.കെ. ഗോപാലൻ, കെ.എ. സുബ്രഹ്മണ്യൻ, മതിലകം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന ഇ.ജി. സുരേന്ദ്രൻ, ടി.എ. പ്രേമദാസ്, ടി.കെ. ശശിധരൻ എന്നിവരായിരുന്നു ആദ്യകാല സംഘാടകർ. തുടക്കത്തിൽ ഓഫീസൊന്നും ഉണ്ടായിരുന്നില്ല. ഭജനമഠത്തിനു ചുറ്റുമുള്ള മണൽപ്പരപ്പായിരുന്നു പ്രവർത്തകരുടെ സംഗമവേദി. എം.എ. വിജയൻ സ്ഥാപക പ്രസിഡന്റും ടി.എ. പ്രേമദാസ് സെക്രട്ടറിയുമായിരുന്ന കമ്മിറ്റിയായിരുന്നു ആദ്യത്തേത്. ടി.കെ. ശശിധരന്റെ നിതാന്തമായ പരിശ്രമത്തിനൊടുവിൽ ജനശക്തിക്ക് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി. സ്ഥലം വാങ്ങുവാൻ നാട്ടുകാർ ഏറെ സഹകരിച്ചു. തറയിൽ വിശ്വംഭരൻ മകൻ ചന്ദ്രൻ ഭാര്യയുടെ താലിമാല പണയം വെയ്ക്കാൻ നൽകിയതെല്ലാം അക്കാലത്തെ സജീവ പ്രവർത്തകർ ഓർക്കുന്നു. അങ്ങനെ ജനശക്തിക്ക് എട്ടുസെന്റ് ഭൂമി സ്വന്തമായി. 1978 ജനുവരി 26-ന് ജനശക്തിയുടെ സ്വപ്നമന്ദിരത്തിന് എം.എ. വിജയൻ തറക്കല്ലിട്ടു. ജനശക്തിയുടെ സ്ഥാപകരിൽ ഒരാളായ പ്രേമദാസ് ബഹറിനിൽ നിന്നും സമാഹരിച്ചയച്ച പണം കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിവയ്ക്കാൻ സഹായകരമായി. ബെനിഫിറ്റ് ഷോ (സിനിമാ പ്രദർശനം) സംഘടിപ്പിക്കുകയും നാട്ടുകാരുടെ ചെറുതും വലുതുമായ സംഭാവനകളിലൂടെയും കെട്ടിട നിർമ്മാണം പതുക്കെ മുന്നേറി. ഈ സന്ദർഭത്തിലാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന എം.എ. ശശിയുടെ നേതൃത്വത്തിൽ അന്നത്തെ അമ്പതിനായിരം രൂപ സമാഹരിച്ച് നൽകിയത്. ഇതോടെ കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ളോറിന്റെ നിർമ്മാണം പൂർത്തിയായി. 1994-ൽ ജനശക്തിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതിനകം ക്ലബ്ബിന് അനുബന്ധമായി ജനശക്തിയുടെ നേതൃത്വത്തിൽ ഒരു മരണാനന്തര സഹായ സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത് സംഘത്തിന്റെ ജനകീയ അടിത്തറ കരുത്തുറ്റതാവാനും വിപുലീകരിക്കാനും സഹായകമായി. തുടർന്നാണ് ജനങ്ങൾക്ക് വായിച്ചുവളരാൻ ഒരു വായനശാലകൂടി ജനശക്തിയുടെ കീഴിൽ വേണമെന്ന ആശയം ശക്തമാകുന്നത്. ജനകീയ നാടക പ്രവർത്തകൻ പി.കെ. വാസു, കെ.കെ. ഗോപാലൻ, ഇ.ജി. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുസ്തകസമാഹരണ പ്രവർത്തനങ്ങൾ വിജയകരമാക്കുകയും വായനശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ലൈബ്രറി കൗൺസിൽ അഫിലിയേഷൻ ലഭിക്കുകയും ഗ്രാന്റ് ലഭിക്കുകയും ചെയ്ത വായനശാലയിൽ ഇപ്പോൾ എണ്ണായിരത്തിൽപരം പുസ്തകങ്ങൾ ഉണ്ട്.മതിലകം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ധനസഹായത്തിൽ കെട്ടിടത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രചോദനമായി. ലോക്സഭ എം.പി.യായിരുന്ന ലോനപ്പൻ നമ്പാടന്റെ എം.പി. ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപയും അനുവദിച്ചതോടെ ഇന്ന് കാണുന്ന രൂപത്തിലേക്ക് ജനശക്തിയുടെ ആസ്ഥാനമന്ദിരം മാറി. ലൈബ്രേറിയൻ ലിജി അനിലൻ.

📍 ലൊക്കേഷൻ കാണുക 

നാണൻ മെമ്മോറിയൽ ഗ്രന്ഥശാല , ത്രിവേണി കൂളിമുട്ടം

മതിലകം പഞ്ചായത്തിലെ ത്രിവേണിയിലാണ് നാണൻ മെമ്മോറിയൽ ഗ്രന്ഥശാല സൗഹൃദ കലാ-സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2015-ൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നാം വാർഡിലെ 60-ാം നമ്പർ അങ്കണവാടിയുടെ മുകളിൽ താത്ക്കാലികമായ സംവിധാനത്തിലാണ് ഗ്രന്ഥശാലയുടെ തുടക്കം.കുളിമുട്ടത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ സജീവസാന്നിധ്യമായിരുന്ന തയ്യിൽ നാരായണന്റെ (നാണൻ) നാമധേയത്തിലാണ് ഗ്രന്ഥശാല. 2016-ൽ മികച്ച വായനശാലയ്ക്കുള്ള താലൂക്കുതല പുരസ്കാരവും ഈ വായനശാലയെ തേടിയെത്തി.6.5 സെന്റ് സ്ഥലം വാങ്ങി 2018-ൽ പുതിയ കെട്ടിടം സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു. 2020-ൽ സർക്കാർ ഫണ്ടിൽ തന്നെ ഒന്നാംനിലയും നിർമ്മിച്ചു. വായനശാലയുടെ മുൻവശത്തുള്ള കുളവും ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് പഴയഓടുകള്‍ ഉഫയോഗിച്ച് കെട്ടി സംരക്ഷിച്ചിരിക്കുന്നു.ഇ.ജി. ശ്രീനാഥ് സ്ഥാപക പ്രസിഡന്റും, കെ.ആർ. വൈശാഖ് സ്ഥാപക സെക്രട്ടറിയുമായിരുന്നു. ലൈബ്രേറിയൻ സന്ധ്യ ഉണ്ണികൃഷ്ണൻ.

📍 ലൊക്കേഷൻ കാണുക 

ജവഹർ മെമ്മോറിയൽ ലൈബ്രറി , കാതിക്കോട് , കൂളിമുട്ടം

മതിലകം പഞ്ചായത്തിലെ കാതിക്കോട് ദേശത്താണ് ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. ഏറാട്ട് ശേഖരൻ എന്ന അക്ഷരസ്നേഹിയാണ് ഇതിന്റെ പിറവിക്ക് നിദാനം. 1960-ൽ പെരിഞ്ഞനം ആർ.എം.വി.എച്ച്. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന ശേഖരൻ തന്റെ സ്വന്തമായിരുന്ന പതിനഞ്ചോളം പുസ്തകങ്ങളുമായിട്ടാണ് ഇതിനു തുടക്കം കുറിക്കുന്നത്. നല്ലൊരു വായനക്കാരനും കവിയുമായിരുന്നു ഇദ്ദേഹം.കൈയിലുണ്ടായിരുന്ന പുസ്തകങ്ങൾ ഒരു വീഞ്ഞപ്പെട്ടിയിൽ അടക്കിവെച്ച് ‘മുരുകൻ ലൈബ്രറി’ എന്ന് നാമകരണം നൽകി ആരംഭിച്ച ലൈബ്രറി പിന്നീട് പല സ്ഥലങ്ങളിലേക്ക് മാറി പ്രവർത്തിച്ചു.അഞ്ഞൂറോളം പുസ്തകങ്ങളായതോടെ വാടയിൽ പീറ്റർ മാസ്റ്റർ, പെരിഞ്ഞനം രാഘവകൃഷ്ണപ്പണിക്കർ എന്നിവരുടെ സഹകരണത്തോടെ വായനശാലയ്ക്ക് 1969-ൽ സർക്കാർ അംഗീകാരം ലഭിച്ചു. വായനശാലയുടെ പേര് “ജവഹർ മെമ്മോറിയൽ ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബ്” എന്ന് പരിഷ്കരിച്ചു. കൂളിമുട്ടം ത്രിവേണി സ്വദേശി എം.ആർ. വിജയൻ ലൈബ്രേറിയനായി ചുമതലയേറ്റു. യാതൊരു പ്രതിഫലവും പറ്റാതെയാണ് അദ്ദേഹം ആ സേവനം നിർവഹിച്ചത്. വായനശാലയ്ക്കിപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവും കാതിക്കോട് സെന്ററിലുണ്ട്.

📍 ലൊക്കേഷൻ കാണുക 

കുഞ്ഞയ്യപ്പൻ മെമ്മോറിയൽ വായനശാല , വാട്ടര്‍ടാങ്ക് , കൂളിമുട്ടം

മതിലകത്തിന്റെ തീരപ്രദേശത്ത് പൊക്ലായ് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കമുള്ള ഗ്രന്ഥശാലകളിൽ ഒന്നാണ് ‘കുഞ്ഞയ്യപ്പൻ മെമ്മോറിയൽ സ്മാരക വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബ്’.സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ ഉന്നത വ്യക്തിത്വത്തിനുടമയായ മണ്ടത്ര കുഞ്ഞയ്യപ്പന്റെ സ്മരണാർത്ഥമാണ് ഈ ഗ്രന്ഥശാല സ്ഥാപിതമായത്. 1962-ൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ചേർന്ന അനുശോചനയോഗത്തിലാണ് ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എൻ. ബാലകൃഷ്ണൻ ഇങ്ങനെ ഒരു നാമധേയത്തിൽ ഒരു സാംസ്കാരിക സ്ഥാപനം തുടങ്ങണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 1971-ൽ ഈ വായനശാലയ്ക്ക് ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ ലഭിച്ചു. പുസ്തക വിതരണത്തോടൊപ്പം സാക്ഷരതാ ക്ലാസുകൾ, കഥാപ്രസംഗ പരിശീലനം, നാടകപ്രവർത്തനം, വോളിബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നിവയും പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടു.മുപ്പതിൽപരം അമേച്വർ നാടകങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പി.എൻ. പണിക്കർ ഗ്രന്ഥശാല സന്ദർശിച്ചിട്ടുമുണ്ട്. 1995-ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ നേടിയ ഈ വായനശാല ഇന്ന് പതിനായിരത്തോളം പുസ്തകങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു.

📍 ലൊക്കേഷൻ കാണുക 

കളരിപ്പറമ്പ് ഗ്രാമീണ വായനശാല , കളരിപറമ്പ് ,മതിലകം

മതിലകത്തെ കളരിപ്പറമ്പ് ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വായനശാല കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘എ’ പ്ലസ് ലഭിച്ച മതിലകം പഞ്ചായത്തിലെ ഏക വായനശാലയാണ്. 1954-ൽ കളരിപ്പറമ്പ് യു.പി. സ്‌കൂളിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ‘ആർ. ആനന്ദൻ മെമ്മോറിയൽ ലൈബ്രറി’യാണ് ‘കളരിപ്പറമ്പ് ഗ്രാമീണ വായനശാല’യുടെ ആദ്യരൂപം. അന്നത്തെ സ്‌കൂൾ മാനേജർ എം.ആർ. രാമൻമാസ്റ്റർ പ്രസിഡന്റും അദ്ധ്യാപകനായിരുന്ന കോലഞ്ചേരി വർക്കി മാസ്റ്റർ സെക്രട്ടറിയുമായാണ് സ്‌കൂൾ കെട്ടിടത്തിൽ വായനശാല പ്രവർത്തിച്ചിരുന്നത്.നൂറ്റി അറുപത് പുസ്തകങ്ങളുമായി പ്രവർത്തനം ആരംഭിച്ച ലൈബ്രറിക്ക് ആദ്യം ലഭിച്ച ഗ്രാന്റ് തുക നൂറ്റി അൻപത് രൂപയായിരുന്നു. സർക്കാർ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനം സ്‌കൂളിൽനിന്ന് വേർപ്പെടുത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് 1956-ൽ ‘ഗ്രാമീണ വായനശാല’ എന്ന് നാമകരണം ചെയ്ത് പ്രവർത്തനം തുടർന്നു.വായനശാലയുടെ സജീവാംഗമായിരുന്ന കുട്ടാല കുമാരന്റെ വസതിയിലെ ഒരു മുറിയിലും പിന്നീട് പള്ളത്ത് കൃഷ്ണൻകുട്ടിയുടെ പീടികമുറിയിലും പ്രവർത്തനം നടത്തി. സ്വന്തമായ കെട്ടിടത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായി 1969-ൽ കോലഞ്ചേരി ഔസോ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിച്ചു.1970-71 വർഷങ്ങളിലായി കെട്ടിട നിർമ്മാണം പൂർത്തിയാക്കി വായനശാല സ്വന്തം കെട്ടിടത്തിലേക്ക് മാറി. സിനിമാ പ്രദർശനം, മാസവരി, സംഭാവനകൾ എന്നിവയിലൂടെയാണ് നിർമ്മാണ ഫണ്ട് കണ്ടെത്തിയത്.2016-ൽ നിലവിലുള്ള കെട്ടിടം കുട്ടികളുടെ ലൈബ്രറിയായി നിലനിർത്തുകയും നെടുംപറമ്പിൽ ഭരതൻ സംഭാവനയായി നൽകിയ മൂന്നര സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. ലൈബ്രേറിയൻ ലത ബാലൻ. ‘നമ്മുടെ കളിസ്ഥലം’ ഉൾപ്പെടെയുള്ള നിരവധി ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് ഈ വായനശാല നേതൃത്വം നൽകിയിട്ടുണ്ട്.

📍 ലൊക്കേഷൻ കാണുക 

ടി.ആർ. അയ്യപ്പൻമാസ്റ്റർ സ്മാരക വായനശാല , എമ്മാട് , കൂളിമുട്ടം

മതിലകം പഞ്ചായത്തിലെ എമ്മാട് ദേശത്ത് കരുണ ഗ്രാമത്തിൽ 2012-ലാണ് ഈ വായനശാല പ്രവർത്തനം ആരംഭിച്ചത്. 2013 ഡിസംബർ 18-ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ചു.കരുണഗ്രാമത്തിലെ ‘കരുണ ജീവകാരുണ്യ പ്രവർത്തന സംഘത്തിന്റെ’ അനുബന്ധമായാണ് വായനശാലയ്ക്ക് തുടക്കം. കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഒരുക്കിയതാണ് വായനശാലയുടെ ആദ്യരൂപം.ടി.എസ്. രാജു (പ്രസിഡന്റ്), ഗീതു സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), സുനിൽ പി. മതിലകം (സെക്രട്ടറി), അനിൽ കിള്ളിക്കുളങ്ങര (ജോ. സെക്രട്ടറി) എന്നിവരടങ്ങിയതായിരുന്നു ആദ്യ ഭരണസമിതി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാല 2017-ൽ പൊതുജനങ്ങളിൽനിന്ന് ധനസഹായം സ്വീകരിച്ച് സ്വന്തമായി മൂന്ന് സെന്റ് സ്ഥലം വാങ്ങി.ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വായനശാല കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജനുവരി 14-നും ഉദ്ഘാടനം 2020 ജൂലൈ 20-നും നിർവഹിച്ചു.ഇപ്പോൾ വായനശാലയിൽ മുന്നൂറോളം അംഗങ്ങളും അയ്യായിരത്തോളം പുസ്തകങ്ങളും ഉണ്ട്. വനിതാവേദിയും സജീവമായി പ്രവർത്തിക്കുന്നു. ലൈബ്രേറിയൻ ബിന്ദു സുരേന്ദ്രൻ.

📍 ലൊക്കേഷൻ കാണുക 

മതിലകം യങ്മെൻസ് ക്ലബ്ബ് & ലൈബ്രറി , പള്ളിവളവ് , മതിലകം

മതിലകം യങ് മെൻസ് ക്ലബ്ബ് (വൈ.എം.സി) പള്ളിവളവിൽ സ്ഥാപിതമായത് 1952-ലാണ്. യുവാക്കളുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്ലബ്ബിന്റെ രൂപീകരണം.മതിലകം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായിരുന്ന ഫാ. പോൾ വൈപ്പിശ്ശേരിയായിരുന്നു സ്ഥാപകൻ. 1961-ൽ പ്രസിഡന്റായിരുന്ന ഒ.എ. ഫ്രാൻസിസ് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ചു. അന്നത്തെ കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പി.ടി. ചാക്കോയാണ് ഉദ്ഘാടനം നിർവഹിച്ചത്. 1961-1962 കാലഘട്ടത്തിൽ ക്ലബ്ബിനോടനുബന്ധമായി ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചു. 1964 നവംബർ 14-ന് ചീഫ് ജസ്റ്റിസായിരുന്ന വി.ആർ. കൃഷ്ണയ്യർ ലൈബ്രറി വിങ്ങിന്റെ ഉദ്ഘാടനവും നെഹ്റു പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ചു.1966, 1969, 1970, 1973, 1974 വർഷങ്ങളിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ച് മതിലകത്തിന്റെ കായിക ചരിത്രത്തിൽ ക്ലബ്ബ് ശ്രദ്ധേയ സ്ഥാനം നേടി. പിന്നീട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായെങ്കിലും 2006-ൽ പുതിയ ഭരണസമിതി കെട്ടിടത്തിന്റെ പുനർനിർമ്മാണം ആരംഭിക്കുകയും താഴത്തെ നിലയിൽ കച്ചവട സമുച്ചയവും മുകൾനിലയിൽ ക്ലബ്ബും ലൈബ്രറിയും കോൺഫറൻസ് ഹാളും ഉൾപ്പെടുന്ന ആധുനിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

📍 ലൊക്കേഷൻ കാണുക 

രാഗം റിക്രിയേഷൻ ക്ലബ്ബ് & ലൈബ്രറി , ഊമന്തറ,കൂളിമുട്ടം

കൂളിമുട്ടം ഊമന്തറയിലെ യുവാക്കൾ ചേർന്ന് 1978 നവംബർ 13-നാണ് രാഗം റിക്രിയേഷൻ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഊമന്തറയിലെ അടിമാറി രാമൻകുട്ടിയുടെ കെട്ടിടത്തിലായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം.വി.വി. ജോസഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.ആർ. ത്രിമൂർത്തി മാസ്റ്ററാണ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിനുശേഷം പ്രാദേശിക പുസ്തകസമാഹരണത്തിലൂടെ ഒരു ചെറിയ വായനശാലയും ആരംഭിച്ചു.കലാ-കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും സംഘടിപ്പിച്ചു. ധനസമാഹരണത്തിനായി നടത്തിയ സിനിമാ പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ക്യാമ്പയിൻ. 1979 ഡിസംബർ 10-ന് ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ചിന്തകനായ പവനനാണ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്.'സമസ്യ', 'മഴ', 'ഭാർഗവക്ഷേത്രം' തുടങ്ങിയ നാടകങ്ങളും ഏകാങ്കനാടകങ്ങളും അവതരിപ്പിച്ച് നിരവധി പുരസ്കാരങ്ങൾ നേടാൻ ക്ലബ്ബിന് സാധിച്ചു. പ്രൊഫഷണൽ നാടകവേദിയിലേക്ക് നിരവധി കലാകാരന്മാരെ സംഭാവന ചെയ്യാനും കഴിഞ്ഞു.1984-ൽ ക്ലബ്ബിനുവേണ്ടി നാല് സെന്റ് സ്ഥലം വാങ്ങി. തുടർന്ന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. സർക്കാർ പദ്ധതികൾ, നാട്ടുകാരുടെ സഹായം, നാടക പ്രദർശനങ്ങളിൽനിന്നുള്ള വരുമാനം എന്നിവയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായകമായത്.രണ്ടായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. ലൈബ്രറി കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത ലൈബ്രറി ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. നിലവിൽ വായനശാല സി ഗ്രേഡിലാണ്. ടി.വി. റാംമോഹൻ പ്രസിഡന്റും ടി.സി. വേണുഗോപാൽ സെക്രട്ടറിയുമായ ഭരണസമിതിയുടെ നേതൃത്വത്തിലാണ് നിലവിലെ പ്രവർത്തനം. റീന കെ.ബി. ലൈബ്രേറിയനാണ്.

📍 ലൊക്കേഷൻ കാണുക 

ശ്രീനാരായണവിലാസം ഗ്രന്ഥശാല , ശ്രീനാരായണപുരം

മതിലകം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും ആദ്യത്തെ ഗ്രന്ഥശാലയുമായ ശ്രീനാരായണവിലാസം ഗ്രന്ഥശാല 1919-ലാണ് സ്ഥാപിതമായത്. ശ്രീനാരായണവിലാസം യോഗസഭയുടെ കീഴിലായിരുന്നു തുടക്കം.പി.ഐ. കൃഷ്ണനാണ് സ്ഥാപകനും സ്ഥാപക പ്രസിഡന്റും. അദ്ദേഹത്തിന്റെ ദേഹവിയോഗം വരെ ആ സ്ഥാനത്ത് തുടർന്നു. 1919 മുതൽ 1961 വരെ പി.വി.സി. കുമാരനായിരുന്നു ഗ്രന്ഥശാലയുടെ സെക്രട്ടറി.കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഗ്രന്ഥശാല പ്രസ്ഥാനം ശക്തമാകുന്നതിന് മുൻപേ ഈ പ്രദേശത്ത് ജ്ഞാനത്തിന്റെ വെളിച്ചം പകർന്ന സ്ഥാപനമായിരുന്നു ശ്രീനാരായണവിലാസം ഗ്രന്ഥശാല.സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതുവരെ പാപ്പിനിവട്ടം മിഷ്യൻ ലോവർ എലിമെന്ററി സ്‌കൂൾ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 1930 ജൂൺ 4-ന് ജോയിന്റ് സ്റ്റോക്ക് കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടു. 3500-ലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന ഈ ഗ്രന്ഥശാല ‘കഥാവലി’, ‘പ്രമോദിനി’ തുടങ്ങിയ സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാകവി വള്ളത്തോൾ, സർ എം. കൃഷ്ണൻ നായർ തുടങ്ങിയ പ്രമുഖർ ഈ ഗ്രന്ഥശാല സന്ദർശിച്ചവരിൽപ്പെടുന്നു. പൂവ്വത്തുംകടവ് സന്ദർശിക്കുന്ന ഉദ്യോഗസ്ഥർക്കും പ്രമുഖ വ്യക്തികൾക്കും ഒരു വിശ്രമകേന്ദ്രമായും ഇത് പ്രവർത്തിച്ചിരുന്നു. 1969-ൽ ഗ്രന്ഥശാലയുടെ സുവർണ്ണജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാഹിത്യം, കാർഷികം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തു.ഒ.എൻ.വി. കുറുപ്പ്, സുകുമാർ അഴീക്കോട്, കുഞ്ഞുണ്ണി, സച്ചിദാനന്ദൻ തുടങ്ങി മലയാള സാഹിത്യത്തിലെ പ്രമുഖരുടെ രചനകൾ ഉൾപ്പെടുത്തിയ സ്മരണികയും പ്രസിദ്ധീകരിച്ചിരുന്നു.ഇന്ന് ഒമ്പതിനായിരത്തോളം പുസ്തകങ്ങളുമായി ഗ്രന്ഥശാല പ്രവർത്തിക്കുന്നു.  ലൈബ്രേറിയൻ സുലത രാജൻ.

📍 ലൊക്കേഷൻ കാണുക 

പി.എ. സെയ്‌തു മുഹമ്മദ് സ്മാരക വായനശാല , സി കെ വളവ് , മതിലകം

പ്രസിദ്ധ ചരിത്രകാരനായ പി.എ. സെയ്‌തുമുഹമ്മദിന്റെ സ്മരണാർത്ഥമാണ് ഈ വായനശാല മതിലകം പഞ്ചായത്തിലെ സി.കെ. വളവിൽ സ്ഥാപിക്കപ്പെട്ടത്. മതിലകം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഏക വായനശാലയാണിത്. എഴുത്തുകാരനും പത്രാധിപരുമായിരുന്ന കെ.എ. കേരളീയനാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പി.പി. ഇസ്മയിൽ മാസ്റ്റർ ഭൂമി വിട്ടുനൽകുകയും അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും ശ്രമഫലമായാണ് ഈ വായനശാല സ്ഥാപിതമാകുന്നതും. പിന്നീട് അത് മതിലകം ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. 1963 പുസ്തകങ്ങളാണ് രജിസ്റ്റർ പ്രകാരം നിലവിൽ ഇവിടെയുള്ളത്. പത്രങ്ങളും ആനുകാലികങ്ങളും ഇവിടെ ലഭ്യമാണ്. വൈകീട്ട് മൂന്ന് മുതൽ ആറ് വരെ പ്രവർത്തന സമയമാണ്. ആർ.വൈ. സാബുനിസയാണ് ലൈബ്രേറിയൻ. 

📍 ലൊക്കേഷൻ കാണുക 

അവലംബം

ഇതിഹാസ മതിലകം – സുനിൽ പി. മതിലകം