ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മതിലകം ഗ്രാമപഞ്ചായത്ത്
ചരിത്രം • പൈതൃകം • സംസ്കാരം
ഭരണചരിത്രം
1964 ജനുവരി 1 നാണ് ആദ്യത്തെ ഭരണസമിതി നിലവില്‍ വന്നത്. എം.കെ. കൃഷ്ണനായിരുന്നു പ്രസിഡന്റ്. അന്നത്തെ പഞ്ചായത്തിന്റെ പേര് “പാപ്പിനിവട്ടം” എന്നായിരുന്നു. പതിനഞ്ച് വര്‍ഷം അദ്ദേഹം പ്രസിഡന്റായിരുന്നു.വി എം സെയ്തു ( വൈസ് പ്രസിഡന്റ് ), വി എ മാമകുഞ്ഞി, രാമന്‍ വടക്കേടത്ത്, സാറാബി ടീച്ചര്‍, ഒ ടി തോമസ്, അടിമകുഞ്ഞി, കുഞ്ഞയ്യന്‍, കെ വി ശങ്കരന്‍ എന്നിവരടങ്ങിയ ഒന്‍പതംഗ ഭരണസമിതിയായിരുന്നു.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം പ്രസിഡന്‍റാവുന്നത്
പുരാതന ചരിത്രം
ആദ്യകാല ഗോത്ര സംസ്കാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന പ്രദേശങ്ങളില്‍ നിലനിന്നിരുന്ന തറക്കൂട്ടങ്ങളുടെ ഭരണമാണ് ഇവിടെ നിലനിന്നിരുന്നത്. രാജ ഭരണകാലമായപ്പോഴേക്കും മതിലകം ചേര സാമ്രാജ്യത്തിന്റെ ഭാഗമായി.കൊച്ചി രാജാവിന്റെ കീഴിലും പിന്നീട് സാമൂതിരിയുടെ കീഴിലും മതിലകം അതിന്റെ പ്രതാപം കാത്ത് സൂക്ഷിച്ചു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുവും പിന്നീട് 1782-ല്‍ ടിപ്പുവിനെ തോല്‍പിച്ച് ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാരും മതിലകം പ്രദേശം കൈക്കലാക്കി. 1947 വരെ ഈ സ്ഥിതി നിലനിന്നു.ജൈനമതകേന്ദ്രമെന്ന നിലയിലും, വിദ്യാകേന്ദ്രമെന്ന നിലയിലും ഇവിടം പുകഴ്ത്തപ്പെട്ടിരുന്നു. “തൃക്കണവായ്കോട്ടം” എന്നാണ് മതിലകം അറിയപ്പെട്ടിരുന്നത്.ഇവിടം വാണിരുന്ന നാടുവാഴികള്‍ ഈ ദേശത്തിന് ചുറ്റും 7 മതിലുകള്‍ കെട്ടാന്‍ മുതിര്‍ന്നുവെങ്കിലും ഇരിഞ്ഞാലക്കുട നമ്പൂതിരിമാരുടെ എതിര്‍പ്പ് മൂലം അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഈ മതില്‍ നിര്‍മ്മാണ സംരംഭം മൂലം തൃക്കണപുരത്തിന് “തൃക്കണമതിലകം” എന്ന പേര് ലഭിച്ചു.
സ്വാതന്ത്ര്യസമരവും ജനകീയ പോരാട്ടങ്ങളും
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മതിലകം നിവാസികളില്‍ പ്രധാനിയാണ് പോക്കാക്കില്ലത്ത് അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍. 1973 ലാണ് കേരളത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട “ആറടി സമരം” ഈ പഞ്ചായത്തില്‍ നടന്നത്. പോലീസ് രാജിനെതിരെ, പൌരാവകാശങ്ങളും ജനാധിപത്യവും പുനസ്ഥാപിക്കാന്‍ വേണ്ടിയുളള പോരാട്ടത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സര്‍ദാര്‍ഗോപാലകൃഷ്ണന്‍ രക്തസാക്ഷിത്വം വരിച്ചത് മതിലകത്തു വെച്ചാണ്.
വിദ്യാഭ്യാസവും സാമൂഹിക വളര്‍ച്ചയും
പാപ്പിനിവട്ടം ജി.എല്‍.പി. സ്കൂള്‍ ആദ്യം മതിലകത്ത് മിഷന്‍ സ്കൂളുമായി ആരംഭിച്ച വിദ്യാലയമാണ്. 1919 ല്‍ ആരംഭിച്ച “ശ്രീനാരായണ വിലാസം ലൈബ്രറി ആന്റ് റീഡിംഗ് റൂം” ആണ് ആദ്യത്തെ വായനശാല.ഇന്ന് നിലവില്‍ എയ്ഡഡ് സ്വകാര്യമേഖലയിടക്കം 13 സ്കൂളുകുള്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്ത എന്‍.എച്ച്. 17 ആദ്യകാലത്ത് “വെട്ടുവഴി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂര്‍ മുതല്‍ ചേറ്റുവ വരെ നീണ്ടു കിടന്നിരുന്ന ഈ പാതയില്‍ കൂടി 1933 ലാണ് ആദ്യമായി വാഹന ഗതാഗതം ആരംഭിച്ചത്.
പഞ്ചായത്തിലൂടെ...
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മതിലകം ബ്ലോക്കിലാണ് മതിലകം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1964 ജനുവരി 1 നാണ് മതിലകം ഗ്രാമ പഞ്ചായത്ത് രൂപീകൃതമായത്.പാപ്പിനിവിട്ടം, കുളിമുട്ടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മതിലകം ഗ്രാമപഞ്ചായത്തിന് 12.92 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ഈ പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, തെക്ക് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളാങ്ങല്ലൂര്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ്.ഭൂപ്രകൃതിയില്‍ തീരദേശം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ പ്രധാനകൃഷിവിളകള്‍ തെങ്ങ്, കവുങ്ങ് എന്നിവയാണ്.നെടുമ്പാശ്ശേരി വിമാനത്താവളം, ചാലക്കുടി റെയിവേ സ്റ്റേഷന്‍ എന്നിവയെയാണ് ഇവിടുത്തെ ജനങ്ങള്‍ പ്രധാനമായും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്നത്.പഞ്ചായത്തിന് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന തുറമുഖം കൊച്ചിയും ജലതാഗതകേന്ദ്രമായിരുന്നത് മതിലകവുമാണ്. എന്‍.എച്ച്.17 ( പുതിയ NH 66 ) പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
മതിലകം – പുരാതന കൃതികളിൽ
ചരിത്ര പൈതൃകവും സാഹിത്യ പരാമർശങ്ങളും
തമിഴ് സാഹിത്യങ്ങളിലും സന്ദേശകാവ്യങ്ങളിലും മതിലകം
തമിഴ് ഇതിഹാസകാവ്യമായ ‘ചിലപ്പതികാരം’ ൽ ‘കുണവായിര്‍ക്കോട്ട്’ എന്ന പേരിലാണ് മതിലകത്തെ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ശുകസന്ദേശം’ എന്ന സംസ്കൃതകാവ്യത്തിൽ മതിലകം പരാമർശിക്കപ്പെടുന്നുണ്ട്. ഒരു മലയാളിയാണ് ഇത് രചിച്ചത് എന്ന് കരുതപ്പെടുന്നു. ശുകം സന്ദേശവുമായി കടന്നുപോകുന്നത് മതിലകത്തു കൂടിയാണ്.പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ഉണ്ണിയച്ചീചരിതം’ എന്ന കാവ്യത്തിലും മതിലകത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. അതിൽ പ്രധാന പട്ടണമായാണ് തൃക്കണാമതിലകത്തെപ്പറ്റി പറയുന്നത്.
“കുണവായ്ക്കുണമപി കുണപം ദധതി”
എന്ന് ഉണ്ണിയച്ചീചരിതത്തിൽ പറയുന്നത്, ഇവിട നിലനിന്നിരുന്ന പട്ടണത്തെപ്പറ്റിയാണത്രേ.
കോകസന്ദേശവും മതിലകവും
പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘കോകസന്ദേശ’ ത്തിലും മതിലകം പരാമർശിക്കപ്പെടുന്നുണ്ട്. അതിൽ ഇവിടെയൊരു ‘ചാടിയാണ്ടാൻകുളം’ ഉണ്ടെന്ന് പറയുന്നു.അതിൽ ‘സുന്ദരിമാർ’ നീന്തിത്തുടിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് തൃക്കണാമതിലകത്തേക്ക് പ്രവേശിക്കാം എന്ന് ‘കോകസന്ദേശ’ത്തിൽ പറയുന്നു.കോകസന്ദേശകാലഘട്ടത്തിൽ മതിലത്ത് വലിയൊരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. ബ്രാഹ്മണർ പ്രവശിച്ചിട്ടില്ലാത്ത ആ ക്ഷേത്രത്തിന്റെ പടിക്കൽനിന്ന് ‘ദേവനെത്തൊഴുതു കടന്നുപോകുക’ എന്ന് കോകത്തോട് ഉപദേശിക്കുന്നുണ്ട്.
ചിത്രശലഭ കാവ്യവും പഴയ നടപ്പാതയും
‘ചിത്രശലഭ കാവ്യം’ എന്ന സന്ദേശകാവ്യത്തിലും മതിലകത്തെക്കുറിച്ച് സൂചനയുണ്ട്. മതിലകത്തെ നടപ്പാതയെക്കുറിച്ചാണ് അതിൽ പറയുന്നത്.
“ഈ വമ്പിക്കും ദുരിതവഴിയേ ഗ്രീഷ്മ-
മദ്ധ്യാഹ്നകാലേ പോകാന്‍
ഭാവിച്ചവന് നരകം പിന്നെ ഉണ്ടാവില്ല.”
എന്നാണ് എഴുതിയിട്ടുള്ളത്. ഇത് മുട്ടോളം പൂഴിമണലുള്ള ചുട്ടുപഴുത്ത വഴിയെക്കുറിച്ചാണ് എന്നത് സ്പഷ്ടം.ഈ വഴിയാണ് കാലക്രമത്തില്‍ ഇന്നത്തെ നാഷണല്‍ ഹൈവേ 17 ആയി രൂപാന്തരപ്പെട്ടതെന്ന് ചരിത്രകാരന്‍ പി.കെ ഗോപാലകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട്.തെക്ക് ആല മുതല്‍ വടക്ക് ചേറ്റുവ വരെ നീണ്ടുകിടക്കുന്ന മണപ്പുറത്തെ പ്രധാന പാതയെ പഞ്ചാരമണല്‍ എന്ന് എഴുത്തുകാര്‍ ഉപമിച്ചിട്ടുണ്ട്.
പാപ്പിനിവട്ടം എന്ന പേരിന്റെ ഉദ്ഭവം
രണ്ടാം ചേരഭരണകാലത്താണ് തൃക്കണാമതിലകം ‘പാപ്പിനിവട്ടം’ എന്നറിയപ്പെടുവാൻ തുടങ്ങി.ഡച്ച് പോർച്ചുഗീസ് രേഖകളിൽ ‘പാപ്പിനിവട്ടം’ എന്നാണ് മതിലകം വിശേഷിപ്പിക്കപ്പെടുന്നത്. ഹിന്ദുമത അധിനിവേശക്കാലത്ത് ജൈനരും ബുദ്ധരും കൊടുങ്ങല്ലൂര്‍ മേലയിൽനിന്ന് ഒഴിവാക്കപ്പെടുകയും മതിലകത്ത് അഭയം പ്രാപിക്കുകയും ചെയ്തു.മതിലകത്തെ ഉന്നതരായ മതക്കാര്‍ ഇവരെ പാപിനികൾ എന്ന് വിളിക്കുകയും ഇവർ താമസിക്കുന്ന ഇടമായതിനാൽ പാപിനിവട്ടം എന്നും ഈ പ്രദേശം അറിയപ്പെട്ടു.ഇത് കാലാന്തരത്തിൽ പാപ്പിനിവട്ടം ആയി തീർന്നതെന്നും കരുതപ്പെടുന്നു.കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നവര്‍ തങ്ങളുടെ സൈനികതാവളമായി പാപ്പിനിവട്ടം ഉപയോഗിച്ചിരുന്നു. റോമക്കാര്‍, സാമൂതിരി, ഡച്ചുകാർ, മൈസൂർ തുടങ്ങിയവരെല്ലാം പാപ്പിനിവട്ടത്തെ താവളമാക്കിയിരുന്നു.
മതിലകത്തെ സ്ഥലനാമചരിത്രം
ചരിത്രവും സ്ഥലനാമ പൈതൃകവും
പാപ്പിനിവട്ടം
ബ്രാഹ്മണാധിപത്യത്തിനാൽ ബഹിഷ്കൃതമായ ബുദ്ധ മതാനുയായികളെ ‘പാപികൾ/പാപിനികൾ’ എന്നറിയപ്പെട്ടിരുന്നതും അവർ കുട്ടമായി വസിച്ചിരുന്നിടത്തെ ‘പാപ്പിനിമഠം’ എന്നാണ് വിളിക്കപ്പെട്ടതെന്നും കാലാന്തരത്തിൽ പാപ്പിനിവട്ടം ആയി തീർന്നിരിക്കാമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.എന്നാല്‍ ‘പാപിനി’ യ്ക്ക് പ്രത്യേക ബ്രാഹ്മണവഴി എന്നര്‍ത്ഥം നല്‍കികാണുന്നുണ്ട്. ബുദ്ധൻ ക്ഷത്രിയവർഗ്ഗ ജാതിയായിരുന്നു. ബ്രാഹ്മണര്‍ക്ക് കൊടുത്തിരുന്ന പ്രാധാന്യം ക്ഷത്രിയര്‍ക്കും ലഭിച്ചിരുന്നു.ബുദ്ധമതം സ്വീകരിച്ചപ്പോൾ അവരെ സംഘമായി (വട്ടം) താമസിച്ചിരുന്ന ഇടവും കുടിയാകാം എന്നൊരു പക്ഷമുണ്ട്. ചില പ്രത്യേകജാതി വിഭാഗങ്ങള്‍ സംഘം ചേര്‍ന്ന് താമസിക്കുന്ന ഒട്ടേറെ ഇടങ്ങൾ ഇക്കാലത്തും നിലനിൽക്കുന്നു.
പുതിയകാവ്
ഭഗവതി പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ പൊതുവെ കാവുകൾ എന്നാണ് വിളിച്ചു പോന്നിരുന്നത് (കൊടുങ്ങല്ലൂർകാവ്, വെറുംകാവ് എന്നും പഴയ ആളുകള്‍ വിളിച്ചിരുന്നുവല്ലോ).തൃക്കണാമതിലകത്ത് ഭഗവതി കാവുകൾ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ പുതുതായി ഭഗവതിക്ഷേത്രം ഉണ്ടായപ്പോൾ പുതിയകാവ് എന്ന് ഇവിടം അറിയപ്പെട്ടിരിക്കാമെന്നും പറയപ്പെടുന്നു.
പൂവ്വത്തുംകടവ്
തൃക്കണാമതിലകത്തെ മഹാക്ഷേത്രത്തിലേക്കും അതിനു കീഴിലുള്ള മറ്റു ഉപക്ഷേത്രങ്ങളിലേക്കും പൂക്കള്‍ നിറച്ച വഞ്ചി എത്തിച്ചിരുന്ന സ്ഥലത്തെ ‘പൂവ്വത്തും കടവ്’ എന്നും കാലാന്തരത്തില്‍ അത് ‘പൂവ്വത്തുംകടവ്’ ആയി മാറിയിരിക്കാം.ഈ ദേശത്തെ ഒരു ഈഴവതറവാടിന്‍റെ പേര് പൂവ്വത്തുംകടവ് എന്നുമാണ്.
കഴുവിലങ്ങ്
മതിലകം പഞ്ചായത്തിലെ ചരിത്രപ്രസിദ്ധമായ പ്രദേശമാണ് ‘കഴുവിലങ്ങ്’.തൃക്കണാമതിലകത്തിന്‍റെ ചുമതലക്കാരായ വടക്കേടത്ത് നായന്മാരും, തെക്കേടത്ത് നായന്മാരും തമ്മിൽ നടന്ന കലഹത്തിൽ തെക്കേടത്ത് നായർ പരാജയപ്പെടുകയും അദ്ദേഹത്തെ കഴുവിലേറ്റാൻ വിധിക്കുകയും ചെയ്തു.ഇവിടെ ജീർണ്ണാവസ്ഥയിൽ സ്ഥിതിചെയ്തിരുന്ന ഒരു ശിവക്ഷേത്ര സന്നിധിയിൽ ദുഃഖഭാരത്തോടെ പ്രാർത്ഥിച്ച സന്ദർഭത്തിൽ ഒരു അരുളപാടുണ്ടായെന്നും ഇതിനെ തുടർന്ന് തെക്കേടത്ത് നായരെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയെന്നുമാണ് ഐതീഹ്യം.തൂക്കിലേറ്റുക എന്നതിന് കഴുവിലേറ്റുക എന്നും പറയാറുണ്ടല്ലോ. അരുളപാടുണ്ടായ സ്ഥലത്തിന് കഴുവിലക്കിയ സ്ഥലം എന്ന് അറിയപ്പെടുകയും കാലാന്തരത്തിൽ ഇനം കഴുവിലങ്ങ് എന്ന സ്ഥലനാമത്തിൽ അറിയപ്പെടുകയും ചെയ്തു.
കൂളിമുട്ടം
"കൂലമുള്ള" എന്നത് തീരമുള്ളതെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുട്ടം എന്നാൽ ഗ്രാമം എന്നാണർത്ഥം.തീരമുള്ള ഈ ഗ്രാമത്തിന് ‘കൂലിമുട്ടം’ എന്നും വിളിച്ചിരിക്കാം. ഇത് പിന്നീട് ‘കൂളിമുട്ടം’ ആയി രൂപാന്തരം പ്രാപിച്ചിരിക്കാം.‘കൂടി’ എന്നതിന് കുടിപ്പാർക്കുക, ഒരുമിക്കുക എന്നീ അർത്ഥങ്ങളും കൽപ്പിക്കാറുണ്ട്. അങ്ങനെ ‘കൂടിമുട്ടം’ ആകാനും സാധ്യതയുണ്ട്.ബുദ്ധമതവിശ്വാസികൾക്ക് (പാപിനികൾക്ക്) കൂട്ടിമുട്ടുവാൻ (കണ്ടുമുട്ടുന്ന) ഗ്രാമമായും കൂളിമുട്ടത്തെ വ്യാഖ്യാനിക്കുന്നുണ്ട്.പൗരാണികരേഖകളിലൊന്നും ‘കൂളിമുട്ടം’ വും അതിന്റെ വകഭേദങ്ങളും പരാമർശിക്കപ്പെടുന്നില്ല എന്നതിനാൽ ഈ തീരപ്രദേശം മറ്റൊരു പേരിലായിരിക്കാം ഒരുപക്ഷേ, അറിയപ്പെട്ടിരുന്നത്.
ഓണച്ചമ്മാവ്
ഓണസദ്യക്ക് ഉപയോഗിച്ചിരുന്ന ‘ചെമ്മാവ്’ എന്ന നെൽ വിത്ത് കൃഷിചെയ്തിരുന്ന പ്രദേശം ‘ഓണച്ചെമ്മാവ്’ എന്നറിയപ്പെട്ടിരിക്കാം. പിന്നീടത് ‘ഓണച്ചമ്മാവ്’ എന്ന് വിളിക്കപ്പെട്ടിരിക്കാമെന്ന് പറയപ്പെടുന്നു.
താറാഞ്ചേരി
നെൽപ്പാടങ്ങളും വലിയ തോടുകളും ചേർന്ന താഴ്ന്ന പ്രദേശത്തെ ‘താഴ്വഞ്ചേരി’ എന്ന് വിളിച്ചിരിക്കാം.കാലാന്തരത്തിലത് ‘താറാഞ്ചേരി’ എന്നായി മാറിയതാകാമെന്നും പറയപ്പെടുന്നു.ഇവിടെയുള്ള കുളത്തിന് ‘താറാഞ്ചേരിക്കുളം’ എന്നും അറിയപ്പെടുന്നുണ്ട്.
കളരിപ്പറമ്പ്
വൈജ്ഞാനികവിദ്യയും ആയുധവിദ്യയും പഠിപ്പിച്ചിരുന്നയിടങ്ങൾ ‘കളരി’ കൾ എന്നറിയപ്പെട്ടിരുന്നു.ഇവിടെ നമ്പ്യാർമാരുടെ കീഴിൽ കളരിയഭ്യാസം പഠിപ്പിച്ചിരുന്നു. എഴുത്തുപള്ളി, കുടുംബപരദേവതയെ പ്രതിഷ്ഠിക്കുന്ന സ്ഥലം, വിചാരണസ്ഥലം, തൊഴിൽശാല, കവാത്ത് നടത്തുന്ന സ്ഥലം എന്നീ അർത്ഥങ്ങളും ‘കളരി’ക്കുണ്ട്.തൃക്കണാമതിലകത്തിന്റെ പൗരാണികചരിത്രത്തിൽ ഈ സ്ഥലം, പ്രധാനപ്പെട്ട ഒരു കേന്ദ്രവുമായിരിക്കാം എന്നും അനുമാനിക്കപ്പെടുന്നുണ്ട്.
ചെമ്പൈ പാടം
മതിലകം ബ്ലോക്ക് ഓഫീസിന്‍റെ പടിഞ്ഞാറ്-തെക്ക് ദിശയിലുള്ള പ്രദേശത്തെയാണ് ‘ചെമ്പൈ പാടം’ എന്ന് വിളിക്കപ്പെട്ടിരുന്നത്.ഈ പ്രദേശത്ത് നെൽപ്പാടങ്ങളും തോടുകളും ഉണ്ടായിരുന്നു. വെള്ളക്കയറ്റത്തിൽ ചെമ്പുപാത്രങ്ങളൊക്കെ ഒഴുകിയെത്തുമായിരുന്നുവത്രെ.ചെമ്പ് എത്തിച്ചേരുന്ന പാടത്തെ ‘ചെമ്പൈ പാടം’ എന്ന് വിളിച്ചിരിക്കാം.ഇവിടെ ഇപ്പോൾ പാടങ്ങൾ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ആ സ്ഥാനത്ത് വീടുകൾ നിറഞ്ഞുവെങ്കിലും ഇപ്പോഴും പഴമക്കാർ ‘ചെമ്പൈ പാടം’ എന്ന് ഈ ഭാഗത്തെ വിളിക്കാറുണ്ട്.
മതിൽമൂല
തൃക്കണാമതിലകത്തിനു ചുറ്റുമുണ്ടായിരുന്ന മതിൽ വടക്ക് തെക്ക് ദിശയിൽ നിന്നും കിഴക്ക് പടിഞ്ഞാറോട്ട് തിരിഞ്ഞു പോയിരുന്നുവെന്നും ആ ഭാഗത്തേയാണ് പിന്നീട് ‘മതിൽമൂല’ എന്ന് വിളിച്ചുപോന്നതെന്നും പറയുന്നു.എന്നാൽ മതിലകത്തുണ്ടായിരുന്ന വൻമതിലിന്‍റെ വിസ്തൃതിയുടെ ഘടനവെച്ച് ആലോചിക്കുമ്പോൾ ഈ നിഗൂഢതയുടെ വൈരുദ്ധ്യം ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും പഴമക്കാർ ഈ പക്ഷത്തെയാണ് മുറുകെ പിടിക്കുന്നത്.
പുന്നയ്ക്കബസാർ
പുന്നക്കുരു വ്യവസായത്തിന്റെ കച്ചവടമായിരുന്നു ഒരുകാലത്ത്. വള്ളങ്ങളുടെ നിർമ്മാണാവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിനും പുന്നയ്ക്ക എണ്ണയും, കാർഷിക വിളകൾക്ക് വളമായി പുന്നയ്ക്ക പിണ്ണാക്കും വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.മതിലകം പ്രദേശത്ത് പുന്നയ്ക്ക മരങ്ങൾ ഏറെയുണ്ടായിരുന്നു. അതിൽ നിന്ന് പുന്നക്കുരു ധാരാളമായി ലഭിച്ചിരുന്നു. പാകമായ കായ്‌കൾ തല്ലിപ്പൊട്ടിച്ച് പുന്നക്കുരു എടുക്കുകയും അത് കടകളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്യുമായിരുന്നു.ഇവ വെയിലത്ത് അരിഞ്ഞുണക്കി കച്ചവടക്കാർ പുന്നയ്ക്ക ആട്ടു മില്ലിൽ എത്തിക്കുമായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്ത് മില്ല് സ്ഥാപിക്കപ്പെടുന്നത്.ഇതിന്‍റെ ഒരു കച്ചവടകേന്ദ്രമായതിനാൽ ‘പുന്നയ്ക്കബസാർ’ എന്ന സ്ഥലനാമവും വന്നു ചേർന്നു.വടക്കൻ കേരളത്തിൽനിന്നുപോലും പുന്നയ്ക്ക ആട്ടാൻ ഇവിടത്തെ മില്ലിലാണ് കൊണ്ടുവന്നിരുന്നത്. ഈ മില്ല് മഞ്ഞളിയിൽ കൊച്ചു വറീതിന്‍റെ ഉടമസ്ഥാവകാശത്തിൽ വന്നുചേരുകയും അദ്ദേഹം മകൻ ഔസേപ്പും ചേർന്ന് നടത്തുകയും ചെയ്‌തു.കൊച്ചു വറീതിന്‍റെ കാലശേഷം ഔസേപ്പും മകൻ ഡേവിസും മില്ല് നടത്തിപ്പോരുകയും ചെയ്തു. കാലാന്തരത്തിൽ പുന്നയ്ക്ക എണ്ണയുടെ ഉപയോഗം കുറഞ്ഞുകുറഞ്ഞു വരികയും പുന്നയ്ക്ക വ്യവസായം ക്ഷയിക്കുകയും ചെയ്തു.1999-ൽ മില്ല് അടച്ചുപൂട്ടിയതോടെ പുന്നയ്ക്ക വ്യവസായത്തിന്‍റെ ഒരു പ്രതാപകാലത്തിന് തിരശ്ശീല വീണുവെങ്കിലും ആ സ്ഥലപ്പേര് അവശേഷിച്ചു. ഇപ്പോൾ പുന്നയ്ക്കബസാർ സെന്‍ററും കച്ചവടസ്ഥാപനങ്ങളും ഹൈവെ വികസനത്തിന്‍റെ ഭാഗമായി ഇല്ലാതെയുമായി.
സി.കെ. വളവ്
ഇന്ന് ‘സി.കെ. വളവ്’ എന്നറിയപ്പെടുന്ന പ്രദേശം ആദ്യ കാലത്ത് പുതിയകാവ്, കിഴക്കേ വളവ്, ഒലവക്കോട്ടുപാലം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.സി.കെ. വളവിൽ സ്ഥിതിചെയ്യുന്ന പി.എ. സെയ്‌തു മുഹമ്മദ് സ്മാരക വായനശാല യുടെ ഉദ്ഘാടനവേളയിൽ ഉദ്ഘാടകനായിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി.എസ്. കേരളീയൻ ഈ പ്രദേശത്തെ ബസ്സ് സ്റ്റോപ്പിന് ‘വായനശാല മുക്ക്’ എന്ന് നാമകരണം നൽകിയെങ്കിലും ആ നാമം നിലനിന്നില്ല.പ്രദേശത്തെ സമ്പന്നനും വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന ചക്കിങ്ങപീടികയിൽ കാദർ മകൻ സി.കെ. അഹമ്മദ് ന്റെ ജാമാതാവുകൂടിയായ ഒരു വ്യക്തി ഈ വഴിയിൽ ഓടിയിരുന്ന ബസ്സിലെ ജീവനക്കാരനായിരുന്നു.അദ്ദേഹമാണ് പ്രസ്‌തുത ബസ്സ്സ്റ്റോപ്പിന് സ്വമേധയാ ‘സി.കെ.വളവ്’ എന്ന് വിളിച്ചത്. പിന്നീടിത് എല്ലാ ബസ്സുകാരും നാട്ടുകാരും ഈ സ്ഥലപേര് ഏറ്റെടുത്തതോടെ ‘സി.കെ.വളവ്’ ചിരപ്രതിഷ്ഠ നേടി.
മതിലകത്തെ പ്രധാന സ്ഥലനാമങ്ങൾ
പൊക്ലായ്, എമ്മാട്, കൊടൂര്‍, കഴുവിലങ്ങ്, താമരക്കുളം, താലംറോഡ്, കളരിപ്പറമ്പ്, പാപ്പിനിവട്ടം, തൃപ്പേക്കുളം, തട്ടുങ്ങൽ, പ്രാണിയാട്, നെടുംപറമ്പ്, ത്രിവേണി, ആല്‍, വാട്ടര്‍ടാങ്ക്, ഭജനമഠം, ഡബിള്‍ പോസ്റ്റ്, കാതിക്കോട്, സ്വാമിത്തറ, പുന്നക്കബസാർ, മുന്നാക്കൽ (പുന്നക്കബസാറിന് കിഴക്ക് - പഴയപേര്), പഴന്തറ, പള്ളിവളവ്, കിഴക്കുംപുറം, മതിലകം, മതിൽമൂല, താറാഞ്ചേരി, പൂവത്തുംകടവ്, ഓണച്ചമ്മാവ്, സി.കെ. വളവ്, പുതിയകാവ്, ഊമന്തറ, ചള്ളിബസാർ...
അവലംബം : ഇതിഹാസ മതിലകം – സുനിൽ പി. മതിലകം