വിനോദസഞ്ചാര കേന്ദ്രങ്ങള്‍
🏖️ പൊക്ലായ് ബീച്ച്
കേരളത്തിന്റെ പടിഞ്ഞാറൻ തീരസൗന്ദര്യം ആസ്വദിക്കാനാകുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മതിലകം പഞ്ചായത്തിലെ പൊക്ലായ് ബീച്ച്. അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ബീച്ച് പ്രകൃതിസൗന്ദര്യവും ശാന്തമായ അന്തരീക്ഷവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു.വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ചകളും കടൽത്തീരത്തിന്റെ മനോഹാരിതയും പൊക്ലായ് ബീച്ചിന്റെ പ്രധാന ആകർഷണങ്ങളാണ്. മത്സ്യബന്ധന ജീവിതത്തിന്റെ ഗ്രാമീണ സൗന്ദര്യം അടുത്തറിയാനും ഇവിടെ സാധിക്കുന്നു.കുടുംബസമേതം സമയം ചെലവഴിക്കാനും പ്രകൃതിയോട് ചേർന്ന് വിശ്രമിക്കാനും അനുയോജ്യമായ സ്ഥലമാണ് പൊക്ലായ് ബീച്ച്.പ്രദേശവാസികളുടെ കൂട്ടായ്മയാണ് ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണവും പരിപാലനവും ഏറ്റെടുത്ത് സംരക്ഷിച്ച് പോരുന്നത്. ശുചിത്വവും പ്രകൃതിഭംഗിയും നിലനിർത്തുന്നതിനുള്ള നാട്ടുകാരുടെ കൂട്ടായ പരിശ്രമം പൊക്ലായ് ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.

🌴 ഊഞ്ഞാൽ ബീച്ച്
ഊഞ്ഞാല്‍ ബീച്ച് മതിലകം ഗ്രാമപഞ്ചായത്തിലെ കൂളിമുട്ടം പ്രാണിയാട് പ്രദേശത്തെ മനോഹരമായ ഒരു കടൽത്തീര വിനോദസഞ്ചാര കേന്ദ്രമാണ്. ശാന്തമായ അന്തരീക്ഷം, പ്രകൃതിസൗന്ദര്യം, മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ എന്നിവ കൊണ്ട് ഈ ബീച്ച് പ്രദേശവാസികളുടെയും സന്ദർശകരുടെയും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഊഞ്ഞാൽ ബീച്ചിലെ പ്രധാന പ്രത്യേകതകളിലൊന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്ന മനോഹരമായ ഊഞ്ഞാലുകൾ. കടൽക്കാറ്റിൽ ഊഞ്ഞാൽ ആടിക്കൊണ്ട് പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ കഴിയുന്നത് സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു

🏛️ ട്രാവലേഴ്‌സ് ബംഗ്ലാവ് (ടി.ബി)
മുസിരിസ് പദ്ധതിയിൽപ്പെടുത്തി പുനരുദ്ധാരണപ്രവർത്തനം നടത്തിയ പഴയ പാപ്പിനിവട്ടം വില്ലേജ് ഓഫീസായിരുന്ന കെട്ടിടമാണ് ട്രാവലേഴ്‌സ് ബംഗ്ലാവ് (ടി.ബി). ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമ്മിച്ചത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റുു സർക്കാർ ഉദ്യോഗസ്ഥരും യാത്രയ്ക്കിടയിൽ താമസിച്ചിരുന്ന ഇടമായിരുന്നു ഈ ബംഗ്ലാവ്. ഇതിനെ ഒരു മർദ്ദന സെല്ലായും പോലീസ് ഉപയോഗിച്ചിരുന്നു. കുറ്റാരോപിതരായ ഒട്ടേറെ രാഷ്ട്രീയക്കാരെയാണ് പ്രധാനമായും ഇവിടെ എത്തിച്ച് ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കോണ്‍ഗ്രസ്സുകാര്‍ക്കും , അതിനുശേഷം കമ്മ്യൂണിസ്റ്റുകാർക്കും ഇവിടെ വെച്ച് കഠിനവും ക്രൂരവുമായ പോലീസ് മുറകൾക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. കാലാന്തരത്തിൽ ഇത് പാപ്പിനിവട്ടം വില്ലേജ് ഓഫീസായി മാറി. പിന്നീട് വില്ലേജ് ഓഫീസ് അവിടെനിന്ന് മതിലകത്തേക്ക് മാറ്റി സ്ഥാപിച്ചു. മുസിരിസ് പൈതൃകപദ്ധതിയിൽപ്പെടുത്തി ഇതിപ്പോൾ സംരക്ഷിത മന്ദിരമാണ്
